ഹമാസിനെ നശിപ്പിക്കാൻ മാസങ്ങളെടുക്കും: ഇസ്രയേൽ

ടെൽ അവീവ്: ഹമാസിനെ നശിപ്പിക്കാന്‍ മാസങ്ങളെടുക്കുമെന്ന് ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ്. യുദ്ധം പ്രതീക്ഷിച്ചതിലും കൂടുതൽ നീളുമെന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു. യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെ സന്ദർശനത്തിനു പിന്നാലെയാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസിനെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന ഇസ്രേലി വാഗ്ദാനം നടപ്പാക്കി കാണിക്കണമെന്നും ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് അമേരിക്കയുടെ പൂർണപിന്തുണയുണ്ടെന്നും ജേക്ക് സള്ളിവർ പറഞ്ഞു. ജേക്ക് സള്ളിവൻ ഇന്നലെ വെസ്റ്റ്ബാങ്കിലെത്തി പലസ്തീൻ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ രണ്ടു പട്ടാളക്കാരുടേത് അടക്കം മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇസ്രേലി സേന ഇന്നലെ അറിയിച്ചു. ഗാസയുടെ തെക്ക്, വടക്ക് മേഖലകളിൽ ഇന്നലെയും ഇസ്രേലി സേന ആക്രമണം തുടർന്നു. ഗാസയിൽ മരണം 18,787 ആയതായി ഹമാസിന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ, യെമനിലെ ഹൗതി വിമതർ ചെങ്കടലിലൂടെ നീങ്ങുകയായിരുന്ന ചരക്കുകപ്പലിനു നേർക്ക് മിസൈൽ പ്രയോഗിച്ചു. കപ്പലിനുണ്ടായ നാശനഷ്ടം വ്യക്തമല്ല. ഇസ്രയേലിലേക്കു പോകുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് ഹൗതികൾ ഭീഷണി മുഴക്കിയിട്ടുള്ളതാണ്.
Source link