യുക്രെയ്ന് സാന്പത്തിക സഹായം തടഞ്ഞ് ഹംഗറി
ബ്രസൽസ്: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് 5,500 കോടി ഡോളറിന്റെ സാന്പത്തികസഹായം നല്കാനുള്ള യൂറോപ്യൻ യൂണിയ(ഇയു)ന്റെ പദ്ധതി ഹംഗറി തടഞ്ഞു. യുക്രെയ്നു യൂറോപ്യൻ യൂണിയനിൽ അംഗത്വം നല്കാനുള്ള തീരുമാനമുണ്ടായി മണിക്കൂറുകൾക്കകമാണു ഹംഗറി വീറ്റോ അധികാരം പ്രയോഗിച്ചത്. റഷ്യൻ സേനയെ യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും സാന്പത്തികസഹായംകൊണ്ട് നേരിടുന്ന യുക്രെയ്നെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിവിടുന്ന നീക്കമാണിത്. യുഎസിൽ യുക്രെയ്നായി തയാറാക്കിയ 6100 കോടി ഡോളറിന്റെ സൈനികസഹായം പ്രതിപക്ഷ റിപ്പബ്ലിക്കന്മാർ തടഞ്ഞുവച്ചിരിക്കുകയാണ്. വ്യാഴാഴ്ച യുക്രെയ്നും മോൾഡോവയ്ക്കും യൂറോപ്യൻ യൂണിയനിൽ അംഗത്വം നല്കാനുള്ള തീരുമാനത്തെ ഹംഗറി അടക്കം 27 രാജ്യങ്ങളും പിന്തുണച്ചിരുന്നു. എന്നാൽ, യുക്രെയ്ന് അധികഫണ്ട് നല്കാനുള്ള പദ്ധതി വീറ്റോ ചെയ്യുമെന്നു ഹംഗേറിയൻ പ്രസിഡന്റ് വിക്തർ ഓർബാൻ വൈകാതെ ട്വീറ്റ് ചെയ്തു. ഒർബാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നല്ല അടുപ്പം പുലർത്തുന്നയാളാണ്. യുക്രെയ്നു യൂറോപ്യൻ യൂണിയനിൽ അംഗത്വം നല്കാനുള്ള നടപടിക്രങ്ങമൾ വർഷങ്ങൾ നീളുമെന്നും ഇതിനിടെ ഹംഗേറിയൻ പാർലമെന്റിനു വേണമെങ്കിൽ തടയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യ 2022 ഫെബ്രുവരിയിൽ അധിനിവേശം ആരംഭിച്ചശേഷമാണ് യുക്രെയ്നും യുക്രെയ്ന്റെ അയൽരാജ്യമായ മോൾഡോവയും യൂറോപ്യൻ യൂണിയനിൽ അംഗത്വത്തിന് അപേക്ഷിച്ചത്. ഇതിനിടെ, പശ്ചാത്യശക്തികളുടെ സാന്പത്തികപിന്തുണ നിലച്ചാൽ യുക്രെയ്ൻ അപകടത്തിലാകുമെന്ന് പ്രസിഡന്റ് സെലൻസ്കി മുന്നറിയിപ്പു നല്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച അദ്ദേഹം നേരിട്ട് അമേരിക്കയിൽ പോയി ചർച്ച നടത്തിയിട്ടും പ്രതിപക്ഷ റിപ്പബ്ലിക്കന്മാർ ഫണ്ടിന്റെ കാര്യത്തിൽ വഴങ്ങിയില്ല. യുക്രെയ്ന്് യൂറോപ്യൻ യൂണിയന്റെ ഫണ്ട് ലഭ്യമാക്കാനുള്ള ചർച്ചകൾ ജനുവരി ആദ്യം തുടങ്ങുമെന്ന് അംഗരാജ്യങ്ങൾ വ്യക്തമാക്കി.
Source link