ഇവന്റ് പ്ലാനിങ് കമ്പനിക്കു പുറമെ മറ്റൊരു ബിസിനസുമായി അപർണ; ആശംസ നേർന്ന് നയന്‍താര

ജയറാമിന്റെയും പാർവതിയുടെയും മക്കളുടെ വിവാഹനിശ്ചയ ചടങ്ങൊരുക്കിയത് അപർണ ബാലമുരളിയായിരുന്നുവെന്ന വാർത്ത പ്രേക്ഷകർക്കും ഒരു സർപ്രൈസ് ആയിരുന്നു. അപർണ നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾക്കു ചുക്കാൻ പിടിച്ചത്. ഇപ്പോഴിതാ ഇതിനു പുറമെ മറ്റൊരു ബിസിനസ്സിലേക്കും നടി ചുവടുറപ്പിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തേക്കാണ് താരം പുതിയ സംരംഭവുമായെത്തിയത്.
ഹിപ്സ് വേ. കോം hypsway.com എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമാണ് അപര്‍ണ ആരംഭിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയാണ് അപര്‍ണയുടെ സംരംഭം ഔദ്യോഗികമായി ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്. അപര്‍ണയ്ക്ക് അഭിനന്ദനങ്ങള്‍, നിന്നെ ഓര്‍ത്ത് അഭിമാനം തോന്നുന്നു. ഈ പുതിയ സംരഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു- നയന്‍താര കുറിച്ചു. നയന്‍സിന്‍റെ വാക്കുകള്‍ക്ക് അപര്‍ണയും നന്ദി പറഞ്ഞു.
ആര്‍കിടെക്ട് പൂജാ ദേവ്, ഡിജിറ്റല്‍ സാങ്കേതിക വിദഗ്ദനായ ബിജോയ് ഷാ എന്നിവരും അപര്‍ണയുടെ സംരംഭത്തില്‍ പങ്കാളികളാണ്. പുതിയ സംരഭം തുടക്കമാകുന്നതിന്റെ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അപർണ പങ്കുവച്ചിട്ടുണ്ട്.
സിനിമയാണെങ്കിൽ തന്നെ അഭിനയത്തിനു പുറമെ ഗായിക എന്ന നിലയിലും അപർണ ശ്രദ്ധനേടിയിട്ടുണ്ട്. അതുപോലെ തന്നെ ബിസിനസിലും പല മേഖലകളിലേക്ക് കടക്കുകയാണ് താരം. കാളിദാസ്, മാളവിക വിവാഹനിശ്ചയ ചടങ്ങുകൾക്കു മുന്നിലും പിന്നിലും അപർണയുടെ സജീവ സാന്നിധ്യമായിരുന്നു.
‘‘ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ നന്ദിയും സന്തോഷവുമുണ്ട്. വെറുതെ ഒരു ഇവന്റ് ക്യൂറേറ്റ് ചെയ്യുക എന്നതിലുപരി ഞങ്ങളെ ഏൽപിക്കുന്ന ഓരോ അവസരത്തിലും വികാരങ്ങളും സ്നേഹവും നെയ്തെടുക്കാനാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ് ശ്രമിക്കുന്നത്.’’ – കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയമൊരുക്കാൻ തന്റെ പുതിയ സംരംഭത്തെ ഏൽപിച്ചതിൽ സന്തോഷം പങ്കുവച്ച് അപർണ ബാലമുരളി കുറിച്ചു.
അപർണയും സുഹൃത്ത് മഹേഷ് രാജനും നേതൃത്വം നൽകുന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ്. ചെന്നൈയിൽ നടന്ന കാളിദാസ്–താരിണി വിവാഹനിശ്ചയ ചടങ്ങിനു പിന്നിൽ മാത്രമല്ല മുന്നിലും അപർണയുടെ നിറ സാന്നിധ്യമുണ്ടായിരുന്നു. സംഗീത സംവിധായകന്‍ സുഷിൻ ശ്യാം ഒരുക്കിയ സംഗീത വിരുന്നില്‍ ഗാനം ആലപിച്ചും അപർണ അതിഥികളുടെ മനം കവർന്നു.
‘‘ആഹ്ലാദകരമായ സംഭവങ്ങളുടെ ഭംഗി കേവലം അലങ്കാരങ്ങളിലോ അതിഗംഭീരമായ ആഘോഷങ്ങളിലോ മാത്രമല്ല, അവ സൃഷ്ടിക്കുന്ന സ്നേഹത്തിലും ബന്ധത്തിലും പ്രിയപ്പെട്ട ഓർമകളിലുമാണ്. കലാകാരന്മാർ എന്ന നിലയിൽ, നിങ്ങളുടെ ജീവിതത്തിലെ പ്രധാന ദിവസം ആ മാന്ത്രികത, ഹൃദയംഗമമായ ചിരി, സന്തോഷകരമായ കണ്ണുനീർ, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ തൂവൽസ്പർശം എന്നിവയാൽ സന്നിവേശിപ്പിക്കുക എന്നത് മഹേഷിന്റെയും എന്റെയും പാഷൻ പ്രോജക്റ്റാണ്. നിങ്ങളുടെ സ്വപ്നങ്ങളുടെ കാൻവാസ് വരയ്ക്കുന്ന ഓരോ നിമിഷവും അഭൗമ സൗന്ദര്യത്തോടെ വരച്ചുചേർക്കുക എന്നതാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സിന്റെ ലക്‌ഷ്യം’’.–അപർണ കുറിക്കുന്നു.
English Summary:
Nayanthra officially launched Aparna Balamurali’s new venture
Source link