സുരക്ഷാ വീഴ്ച: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; 14 എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി ∙ സുരക്ഷാ വീഴ്ചയുടെ പേരിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം പുകഞ്ഞു കത്തിയ ദിനം, 14 പ്രതിപക്ഷ എംപിമാരെ സഭയിൽനിന്നു പുറത്താക്കി. കേരളത്തിൽ നിന്നുള്ള 6 എംപിമാരടക്കം ലോക്സഭയിൽനിന്ന് 13 പേരെയും രാജ്യസഭയിൽനിന്ന് ഒരാളെയുമാണ് സസ്പെൻഡ് ചെയ്തത്. ഈ സമ്മേളനം തീരുന്ന 22 വരെയാണ് നടപടി.
പ്രതിഷേധമുണ്ടായപ്പോൾ ലോക്സഭയിൽ ഇല്ലാതിരുന്ന ഡിഎംകെ എംപി എസ്.ആർ.പാർഥിപനെയും സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും ഒഴിവാക്കി. പേരു മാറിപ്പോയതാണെന്നും പകരം ഡിഎംകെയുടെ മറ്റൊരു എംപിയെ ആണുദ്ദേശിച്ചതെന്നും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഡിഎംകെ അംഗം ഗൗതം സിഗമണിയാണിതെന്നറിയുന്നു. സിഗമണിയെ പുറത്താക്കുന്ന പ്രമേയം ഇന്ന് അവതരിപ്പിച്ചേക്കും. കൂടുതൽ എംപിമാർക്കു സസ്പെൻഷനുണ്ടാകുമെന്നും സൂചനയുണ്ട്. പുറത്താക്കപ്പെട്ടവർ സഭയ്ക്കുള്ളിൽത്തന്നെ ഏറെ നേരം പ്രതിഷേധിച്ചു.
സസ്പെൻഷനിലായവർ: ലോക്സഭ: ടി.എൻ.പ്രതാപൻ, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, വി.കെ.ശ്രീകണ്ഠൻ, മുഹമ്മദ് ജാവേദ്, ജ്യോതിമണി, മണിക്കം ടഗോർ (കോൺഗ്രസ്), കെ. കനിമൊഴി (ഡിഎംകെ), പി.ആർ.നടരാജൻ, എസ്.വെങ്കിടേശൻ (സിപിഎം), കെ.സുബ്ബരായൻ (സിപിഐ) രാജ്യസഭ: ഡെറക് ഒബ്രയൻ (ടിഎംസി).
മോദി, ഷാ വന്നില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലുണ്ടായിരുന്നെങ്കിലും സഭയിലേക്കു വന്നില്ല. ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കേണ്ടിയിരുന്ന അമിത് ഷായും എത്തിയില്ല.
English Summary:
Parliament Security Breach: Opposition protest in Parliament; 14 MPs suspended
Source link