പാർലമെന്റ് അതിക്രമം എന്തിന് ?; മായാതെ പുകമറ
ന്യൂഡൽഹി ∙ പാർലമെന്റിൽ കഴിഞ്ഞദിവസം പുകയാക്രമണം നടത്തിയതിനു പിന്നിൽ മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണമുണ്ടെന്നു ഡൽഹി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. പാർലമെന്റിനെതിരായ ഗൂഢാലോചനയാണ് പ്രതികൾ നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്. ഭീകരപ്രവർത്തനം അടക്കമുള്ള വിവിധ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ആരോപിച്ചിട്ടുള്ളത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ), ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) എന്നിവയിലെ വകുപ്പുകൾ പ്രകാരമാണു കേസുകൾ.
തൊഴിലില്ലായ്മ, മണിപ്പുർ കലാപം അടക്കമുള്ള പ്രശ്നങ്ങളിൽ സർക്കാരിന്റെ ശ്രദ്ധപതിയാനാണ് അതിക്രമം നടത്തിയതെന്ന പ്രതികളുടെ മൊഴി ഡൽഹി പൊലീസ് സ്പെഷൽ സെൽ പൂർണമായി വിശ്വസിക്കുന്നില്ല.
യഥാർഥ കാരണമെന്തെന്നതിൽ ദുരൂഹത തുടരുകയാണ്. പിടിയിലായവരുടെയെല്ലാം മൊബൈൽ ഫോണുകൾ ഒളിവിലുള്ള ലളിത് ഝായുടെ കൈവശമാണ്. ഇയാൾക്കായി തിരച്ചിൽ തുടരുന്നു. സിആർപിഎഫ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണം ആരംഭിച്ചു.
4 പ്രതികൾ കസ്റ്റഡിയിൽ:
ഗാലറയിൽനിന്നു ലോക്സഭയിലേക്കു ചാടിയ മനോരഞ്ജൻ, സാഗർ ശർമ, പുറത്തു പ്രതിഷേധിച്ച നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെ എൻഐഎ പ്രത്യേക കോടതി ജഡ്ജി ഹർദീപ് കോർ ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചന നടത്തിയ വിശാൽ ശർമയെയും അറസ്റ്റ് ചെയ്തിരുന്നു.
8 പേർക്ക് സസ്പെൻഷൻ:
ബുധനാഴ്ച സംഭവം നടക്കുമ്പോൾ സന്ദർശക ഗാലറി കവാടത്തിൽ സുരക്ഷാ പരിശോധനയുടെ ചുമതലയുണ്ടായിരുന്ന റാംപാൽ, അരവിന്ദ്, വീർദാസ്, ഗണേഷ്, അനിൽ, പ്രദീപ്, വിമിത്, നരേന്ദ്ര എന്നിവരെ സസ്പെൻഡ് ചെയ്തു. ഡൽഹി പൊലീസിൽനിന്നു ഡപ്യൂട്ടേഷനിൽ വന്നവരാണിവർ.
അതീവ സുരക്ഷ:
ഇന്നലെ പാർലമെന്റിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥരെ അടക്കം ഷൂസ് അഴിപ്പിച്ചു പരിശോധിച്ചാണു കടത്തിവിട്ടത്. ലോക്സഭയിൽ അതിക്രമം നടത്തിയ യുവാക്കൾ ഷൂസിനുള്ളിലാണു പുകക്കുറ്റികൾ ഒളിപ്പിച്ചു കൊണ്ടുവന്നത്.
ഭഗത് സിങ് ഫാൻ ക്ലബ്
പാർലമെന്റിൽ അതിക്രമം നടത്തിയവർ ‘ഭഗത് സിങ് ഫാൻ ക്ലബ്’ എന്ന പേരിൽ ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഭഗത് സിങ്ങിന്റെ കടുത്ത ആരാധകനാണ് പ്രതി മനോരജ്ഞൻ. 1929 ഏപ്രിൽ 8ന് ഡൽഹിയിൽ സെൻട്രൽ അസംബ്ലിയിൽ ഭഗത് സിങ്ങും കൂട്ടാളികളും സന്ദർശക ഗാലറിയിൽ നിന്നു ബോംബെറിഞ്ഞതിനു സമാനമായ പ്രതിഷേധമാണ് സംഘം ഉദ്ദേശിച്ചതെന്നു പൊലീസ് പറയുന്നു. പാർലമെന്റിൽ കയറിയ സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവർ ധരിച്ച ഷൂസ് ലക്നൗവിൽനിന്നു വാങ്ങിയതാണെന്നു പൊലീസ് കണ്ടെത്തി. പുകക്കുറ്റി മുംബൈയിൽ നിന്നും.
പ്രധാനമന്ത്രി എവിടെ?
പ്രധാനമന്ത്രിയെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്കു പ്രതിഫലം സ്വിസ് ബാങ്ക് നൽകുമെന്നും പറയുന്ന ലഘുലേഖ അക്രമികളിൽനിന്നു കണ്ടെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചു.
Source link