ASTROLOGY

സുദാമാവിന് സർവസൗഭാഗ്യങ്ങളും ഭഗവാൻ നൽകിയ ദിനം; ഡിസംബർ 20ന് കുചേലദിനം

കുചേലന്‍ ജനിച്ച ദിവസമല്ല, കുചേലനു സദ്ഗതി കിട്ടിയ ദിവസമാണ് കുചേല ദിനം. ദാരിദ്ര്യ ശമനത്തിന് അവൽ പൊതിയുമായി ദ്വാരകയിൽ സതീർഥ്യനായ ശ്രീകൃഷ്ണനെ കാണാനെത്തിയ സുദാമാവിന് സർവസൗഭാഗ്യങ്ങളും നൽകി ഭഗവാൻ അനുഗ്രഹിച്ച ദിനമാണത്രേ ഇത്. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. ഡിസംബർ 20 ബുധനാഴ്ചയാണ് ഈ വർഷത്തെ കുചേലദിനം.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നായ ഗുരുവായൂരില്‍ കുചേല അവല്‍ ദിനം എന്ന കുചേലദിനം പ്രധാനമാണ്. ഈ ദിവസം അവല്‍ നല്‍കുന്നത് ശുഭകരമാണെന്നാണ് വിശ്വാസം. കോട്ടയത്തെ പൂതൃക്കോവില്‍ ക്ഷേത്രത്തിലും തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രത്തിലും കുചേല ദിനത്തില്‍ സവിശേഷപൂജകളുണ്ട്. തിരുവമ്പാടിയില്‍ വൈകിട്ട് അവല്‍ നിവേദ്യം നടക്കും. കോട്ടയം കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്‍പം കുചേലന് സദ്ഗതി നല്‍കാന്‍ അവല്‍ വാരുന്ന ശ്രീകൃഷ്ണനാണ്. ഇവിടെ കുചേലദിനം പ്രധാന ആഘോഷമാണ്.

ശ്രീകൃഷ്ണനെ കാണാനെത്തിയ ദരിദ്രനാരായണനായ കുചേലൻ അൽപം അവല്‍ ഭഗവാനു കൊടുക്കാൻ മുണ്ടില്‍ കരുതിയിരുന്നു. കൂട്ടുകാരനെ കണ്ട ശ്രീകൃഷ്ണന്‍ കുചേലനെ മണിമഞ്ചത്തില്‍ സ്വീകരിച്ചിരുത്തി കുശലം ചോദിക്കുന്നതിനിടെ അവല്‍പ്പൊതി കണ്ട് അതില്‍നിന്ന് ഒരു പിടി വാരിക്കഴിച്ചു. രണ്ടാമത്തെ പിടിവാരുമ്പോഴേക്കും രുഗ്മിണിയും സത്യഭാമയും വിലക്കുന്നു. ഭഗവാനോട് ഒന്നും ചോദിക്കാതെ തിരിച്ചുപോയ കുചേലന്‍ നാട്ടിലെത്തിയപ്പോള്‍ അദ്ഭുതപരതന്ത്രനായി. സ്വന്തം കുടിലിന്‍റെ സ്ഥാനത്ത് മണിമന്ദിരം. ഇഹലോക ഐശ്വര്യങ്ങളും അനുഗ്രഹങ്ങളൂം കുചേലന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ നല്‍കി. കുചേലന് അങ്ങനെ സദ്ഗതി കൈവരുന്നു. ഈ കഥയാണ് കുചേല ദിനാചരണത്തിനു പിന്നില്‍.

കുചേല ദിനത്തിന് ശ്രീകൃഷ്ണ ക്ഷേത്രത്തിലും വിഷ്ണു ക്ഷേത്രത്തിലും ഭക്തജനങ്ങൾ അവൽ സമർപ്പിച്ച് പ്രാർഥിക്കുന്നു. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കു ശേഷം നിവേദിച്ച അവൽ പ്രസാദമായി നൽകുന്നു. സൗഹൃദത്തിന്റെ ആഴവും പരപ്പും നമ്മളെ ഓർമപ്പെടുത്തുകയാണ് കുചേല ദിനം.

English Summary:
Kuchela Dinam at Guruvayoor Temple is on 20 December


Source link

Related Articles

Back to top button