ഞാൻ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത്, മകൾക്കും അങ്ങനെ ഉണ്ടാകില്ല: മോഹൻലാൽ

സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല താനെന്നും തന്റെ മകൾ വിവാഹം കഴിക്കുമ്പോഴും അങ്ങനെ ഒരു കാര്യം ഉണ്ടാകില്ലെന്നും നടൻ മോഹൻലാൽ. ‘നേര്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ സ്ത്രീധനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കിയത്. ഒരുപാട് സിനിമകളിൽ സ്ത്രീധനത്തിനെതിരെ സംസാരിച്ച തന്റെ ഉള്ളിൽ എപ്പോഴും ഇത്തരം കാര്യങ്ങളെപ്പറ്റി സംഘർഷം ഉണ്ടാകാറുണ്ടെന്നും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞു. ‘നേര്’ എന്ന സിനിമ സമൂഹത്തിലെ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ആണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ സ്ത്രീധനം എന്ന സമ്പ്രദായത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മോഹൻലാലിന്റെ മറുപടി. ‘‘ഞാൻ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. എന്റെ മകൾക്ക് കല്യാണം കഴിക്കാനും അങ്ങനെ ഒന്നും ഉണ്ടാകില്ല. അത് ശരിയല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം.’’–മോഹൻലാൽ പറഞ്ഞു.
‘‘ഒരുപാട് സിനിമയിൽ ഇതിനെതിരെ പറയുന്ന ഒരാളെന്ന നിലയ്ക്ക് ഉള്ളിൽ ഒരു സംഘർഷം ഉണ്ടല്ലോ. ഒരു നടൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേൾക്കുമ്പോൾ, അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണു നമുക്ക് കേൾക്കേണ്ടത്. സമൂഹത്തിലുണ്ടാകുന്ന ഇത്തരം കുറ്റകൃത്യങ്ങളോട് നമുക്ക് ഒരുതരത്തിലുമുള്ള താൽപര്യമില്ല. അങ്ങനെ സമൂഹത്തിൽ ഉണ്ടാകുന്ന ഒരു കുറ്റകൃത്യത്തെ പിടിച്ചു നിർത്തുന്ന ഒരു സിനിമ കൂടിയാണ് നേര്.’’മോഹൻലാൽ പറഞ്ഞു.
ഇപ്പോഴുള്ള പെൺകുട്ടികൾ മാനസികമായി കരുത്തരാണെന്നും ചില പെൺകുട്ടികൾ വൈകാരികമായി പെട്ടുപോകുന്നതാണെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു. ‘‘ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെ അല്ല. ഇപ്പോൾ പെൺകുട്ടികളും സ്ട്രോങ് ആണ്. എനിക്ക് രണ്ടു പെൺകുട്ടികളാണ്. സ്ത്രീധനം ചോദിക്കുന്നവനെ ഞാൻ കെട്ടില്ല എന്ന് അവർ പറഞ്ഞിട്ടുണ്ട്. പക്ഷേ ചില പെൺകുട്ടികൾ ഇമോഷനലി പെട്ടുപോയിക്കാണും. പക്ഷേ സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.’’– ജീത്തു ജോസഫ് പറഞ്ഞു.
English Summary:
Mohanlal about dowry system
Source link