മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ പരാജയപ്പെട്ടു. ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായാണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. 73,000ൽ അധികം കാണികൾ നിറഞ്ഞ ഓൾഡ് ട്രാഫോഡിൽ ജർമനിയിൽനിന്നുള്ള സന്ദർശക ടീമായ ബയേണ്‍ മ്യൂണിക്കിനോട് 1-0ന് യുണൈറ്റഡ് പരാജയപ്പെട്ടു. കിംഗ്സ് ലി കോമാനായിരുന്നു (71’) ബയേണിന്റെ ഗോൾ സ്വന്തമാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കോപൻഹേഗൻ 1-0ന് ഗലറ്റ്സറെയെ കീഴടക്കി നോക്കൗട്ടിൽ പ്രവേശിച്ചു. ബയേണ്‍ ഗ്രൂപ്പ് ചാന്പ്യന്മാരായി നേരത്തേ നോക്കൗട്ടിൽ കടന്നിരുന്നു. ഗ്രൂപ്പ് ബിയിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണൽ 1-1ന് ഡച്ച് ടീമായ പിഎസ്വി ഐൻഹോവനുമായി സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് ചാന്പ്യന്മാരായി ആഴ്സണലും രണ്ടാം സ്ഥാനത്തോടെ ഐൻഹോവനും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
ഗ്രൂപ്പ് സിയിൽ തുടർച്ചയായ ആറാം ജയത്തോടെ റയൽ മുഴുവൻ പോയിന്റും സ്വന്തമാക്കി. അവസാന മത്സരത്തിൽ റയൽ 3-2ന് യൂണിയർ ബെർലിനെ കീഴടക്കി. ബ്രാഗയെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കി ഇറ്റാലിയൻ ക്ലബ്ബായ നാപോളി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ പ്രീക്വാർട്ടറിൽ ഇടംനേടി. ഗ്രൂപ്പ് ഡിയിൽ റയൽ സോസിഡാഡ് – ഇന്റർ മിലാൻ മത്സരം 0-0ൽ അവസാനിച്ചു. ഇരുടീമിനും 12 പോയിന്റ് വീതമാണ്. ഗോൾ ശരാശരിയിൽ സോസിഡാഡ് ഒന്നാമതും ഇന്റർ രണ്ടാമതും ഫിനിഷ് ചെയ്ത് പ്രീക്വാർട്ടറിലേക്ക് മുന്നേറി.
Source link