ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും ഒന്നിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘നേര്’. തുടർച്ചയായി ആന്റണി പെരുമ്പാവൂരിനൊപ്പം സിനിമ ചെയ്യുന്നതിന്റെ കാരണവും അദ്ദേഹത്തിലേക്കെത്താനുള്ള വഴി എന്തെന്നും ഒരു മാധ്യമ പ്രവർത്തകൻ ജീത്തുവിനോട് ചോദിക്കുകയുണ്ടായി. ‘മമ്മി ആൻഡ് മി’ ചെയ്യുന്ന സമയത്ത് ആന്റണി പെരുമ്പാവൂരിനോട് കഥ പറഞ്ഞ ഒരനുഭവം പങ്കുവച്ചാണ് ഈ ചോദ്യത്തിനുള്ള മറുപടി ജീത്തു നൽകിയത്.
‘‘ആന്റണിയുടെ നമ്പറിൽ വിളിച്ചു നോക്കുക, ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ ഓഫിസിൽ ചെന്നു നോക്കുക. അതാണ് ആന്റണിയെ കാണാനുള്ള എളുപ്പമാർഗം. എന്നെ പരിചയമുണ്ടെന്നു പറഞ്ഞ കൊണ്ട്, ആ ജീത്തു ജോസഫ് വന്നു, കഥ ഓക്കെ. അങ്ങനെയല്ല, അദ്ദേഹം നിർമാതാവാണ്. കഥ അദ്ദേഹത്തിനും ഇഷ്ടപ്പെടേണ്ടതുണ്ട്. ഒരു കഥ കേൾക്കുമ്പോൾ ആന്റണിക്കു തോന്നുന്നൊരു ജഡ്ജ്മെന്റുണ്ട്.
പണ്ട് എന്റെ രണ്ടാമത്തെ സിനിമയായ ‘മമ്മി ആൻഡ് മി’ ചെയ്യുന്ന സമയം. അതിന്റെ നിർമാതാവ് ജോയ് തോമസ് ആണ്. ജോയ് തോമസിന്റെ അടുത്ത സുഹൃത്താണ് ആന്റണി. കഥ കേട്ട ശേഷം ഈ കഥ ആന്റണിയെയും പറഞ്ഞു കേൾപ്പിക്കണമെന്ന് ജോയ് തോമസ് പറഞ്ഞു. ആന്റണിയെ അറിയാമെന്നല്ലാതെ ഒരുമിച്ച് സിനിമയും ചെയ്തിട്ടില്ല. ഞാനോർത്തു ആ പ്രോജക്ട് നടക്കില്ലെന്ന്. കാരണം അദ്ദേഹം ചെയ്ത പടങ്ങൾ ഇതുപോലുള്ളതല്ല. ഞാൻ ചെന്ന് കഥ പറഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞത്, ‘‘ഇത് ഉഗ്രൻ സിനിമയാണ് ജോയ് തീർച്ചയായും ഇത് ചെയ്യണമെന്നാണ്’’.
അതാണ് ഞാൻ പറഞ്ഞത്, ആന്റണിക്ക് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുണ്ട്. നിർമാതാവ് കാശ് മുടക്കുന്നതല്ലേ, അപ്പോൾ അങ്ങനയെ ചിന്തിക്കൂ.’’–ജീത്തു ജോസഫ് പറഞ്ഞു.
Source link