CINEMA

‘പണിക്കർക്ക് ഇതിൽ ഡയലോഗ് ഒന്നുമില്ലേ?’: ‘കാതലിലെ ചാച്ചന്റെ’ കുറിപ്പ് വൈറൽ


കാതല്‍ സിനിമയോട് പ്രേക്ഷകര്‍ കാണിച്ച സ്‌നേഹത്തിന് നന്ദി അറിയിച്ച് നടന്‍ ആർ.എസ്. പണിക്കര്‍. കാതല്‍ ആദ്യപ്രദര്‍ശനം കണ്ടപ്പോള്‍ തിയറ്ററില്‍ നടന്ന അനുഭവം മുതല്‍ ഐഎഫ്എഫ്‌കെയില്‍ ചിത്രത്തിന് ലഭിച്ച മികച്ച പ്രേക്ഷകസ്വീകാര്യതയെകുറിച്ചും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നു. ചരിത്ര വിജയത്തിന്റെ ഒരു ഭാഗമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരു അഭിമാന നിമിഷമായി താന്‍ വിലമതിക്കുന്നുവെന്നും ആർ.എസ്. പണിക്കര്‍ കുറിച്ചു.
ആർ.എസ്. പണിക്കരുടെ വാക്കുകൾ:

‘‘ആശങ്ക, ആഹ്ലാദം, അഭിമാനം, നവംബർ 23ാം തിയതി കോഴിക്കോട് രാമനാട്ടുകര സുരഭിയിൽ ‘കാതൽ’ ആദ്യ പ്രദർശനം കാണാൻ പോയത് വലിയ ആകാംക്ഷയോടെയും ആശങ്കയോടെയുമായിരുന്നു. ഒപ്പം ഭാര്യയും മരുമകളും പേരക്കുട്ടിയും എഴുപതോളം സുഹൃത്തുക്കളും: മിക്കവരും എഴുപത് വയസ്സ് പിന്നിട്ടവർ. അതിൽ പലരും പതിറ്റാണ്ടുകൾക്കുശേഷമാണ് ഒരു തിയറ്ററിൽ പോയി സിനിമ കാണുന്നത്. ഇന്റർവെൽ സമയത്ത് ചില സുഹൃത്തുക്കൾ വന്ന് നിരാശയോടെ എന്നോട് ചോദിക്കുന്നു: ‘പണിക്കർക്ക് ഇതിൽ ഡയലോഗ് ഒന്നുമില്ലേ?’

ജിയോ ബേബിയെ അനുകരിച്ച് എന്റെ മറുപടി. ‘നമുക്ക് നോക്കാമെന്നേ’.

ചരിത്ര വിജയം പോസ്റ്ററിന്റേയും മഴവില്ലിന്റെയും കാഴ്ചയോടെ സിനിമ അവസാനിച്ചിട്ടും ആരും എഴുന്നേൽക്കുന്നില്ല. ചിലർ കണ്ണീര്‍ തുടയ്ക്കുന്നു. മറ്റ് ചിലർ കണ്ണീര്‍ പുറത്ത് കാണിക്കാതിരിക്കാൻ പാടുപെടുന്നു. ഇപ്പോൾ എല്ലാവരും എനിക്ക് ചുറ്റുമായി. എല്ലാവരുടെയും മുഖത്ത് സന്തോഷം, സംതൃപ്തി, അഭിനന്ദനം, അഭിമാനം. ആർക്കും വാക്കുകളില്ല. ഞങ്ങൾക്കിടയിൽ ഔപചാരികമായ അഭിനന്ദനത്തിനോ പ്രശംസയ്ക്കോ സ്ഥാനമില്ല. എനിക്ക് ആശ്വാസമായി. എന്റെ അഭിനയ ഉളി പാളി ‘കാതലിന്’ എന്തെങ്കിലും കേട് പറ്റിയിരുന്നെങ്കിൽ അവർ എന്തുമാത്രം സങ്കടപ്പെടുമായിരുന്നു. 

അടുത്ത ഊഴം മറ്റ് പ്രേക്ഷകരായിരുന്നു. സെൽഫിയെടുക്കാനും ഗ്രൂപ്പ് ഫോട്ടോ എടുക്കാനും അവർ തിരക്കുകൂട്ടി. സ്ത്രീകളും പെൺകുട്ടികളുമാണ് ഏറെ ആവേശത്തിൽ: സിനിമയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്? എന്റെ ചോദ്യത്തിന് പെൺകുട്ടികളുടെ ഉശിരൻ ന്യൂജെൻ മറുപടി. ‘‘സിനിമ സൂ…..പ്പർ, മമ്മൂക്കയ്ക്ക് ബിഗ് സല്യൂട്ട്, ജ്യോതിക കിടു, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സമ്മാനിച്ച ജിയോ ബേബിക്ക് അഭിവാദ്യങ്ങൾ. തങ്കനും ചാച്ചനും പൊളി. ഫെമിയും അമീറ വക്കീലും സജിത വക്കീലും അടിപൊളി. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഗാനങ്ങളും കിടിലൻ.’’ ആശങ്കകളുടെ കാർമേഘങ്ങൾ ഒഴിഞ്ഞ് ഞാൻ ആഹ്ളാദവാനാകുന്നു.

തുടർന്നുള്ള ദിവസങ്ങളിലും ഇതേ അനുഭവം ആവർത്തിക്കപ്പെടുന്നു. കാണികൾ കാതലിനെ ഹൃദയത്തിലേറ്റുന്ന കാഴ്ചകൾ. കോഴിക്കോട് കൈരളിയിൽ നിന്ന് ഞങ്ങൾ സിനിമ കണ്ട് ഇറങ്ങുമ്പോൾ ബാൽക്കണിയിൽ നിന്നുള്ള ഒരു യുവാവിന്റെ ‘ചാച്ചാ’ വിളിയും കോട്ടക്കലിൽ വച്ച് ‘ങ്ങള് ഇതുവരെ ഏടെയാർന്ന്, ചങ്ങായി.” ചോദ്യവും ഇതെഴുതുമ്പോഴും ചെവിയിൽ മുഴങ്ങുന്നു.
ചന്ദ്രൻ കുഞ്ഞിനെ, ചന്ദ്രനണ്ണനെ, മാമനെ, പണിക്കർ മാമനെ, പണിക്കരെ, പണിക്കർ സാറിനെ, പണിക്കരേട്ടനെ, ആർ. എസ്. പണിക്കരെ, വെള്ളിത്തിരയിൽ കണ്ട് അഭിനന്ദിക്കാനും ആശംസിക്കാനുമാണ് എന്റെ സഹോദരിമാരും, ഉറ്റബന്ധുക്കളും, സ്നേഹിതരും, യൂണിവേഴ്സിറ്റി സഹപ്രവർത്തകരും, നാട്ടുകാരും, ബാല്യകാല കൂട്ടുകാരും, പരിചയക്കാരും, അഭ്യുദയകാംക്ഷികളും  പതിറ്റാണ്ടുകൾക്ക് ശേഷം തിയറ്ററിൽ പോയി സിനിമ കാണുന്നത്. 

ശാരീരികാവശതകൾ മറന്ന് പണിക്കർ അഭിനയിച്ച സിനിമ കാണണമെന്ന് വാശിപിടിച്ച് മക്കളുടെയും വാക്കറിന്റേയും സഹായത്തോടെ സിനിമ കണ്ട് മനസ്സ് നിറഞ്ഞ് അഭിനന്ദനങ്ങൾ അറിയിച്ച ആത്മ ബന്ധങ്ങളുടെ സ്നേഹ വാത്സല്യങ്ങൾക്ക് മുന്നിൽ എന്റെ ഹൃദയം വിങ്ങുന്നു. അതേസമയം വിദേശ രാജ്യങ്ങളിൽ കഴിയുന്ന സുഹൃത്തുക്കളുടെ മക്കൾ ‘പണിക്കർ മാമ… ഗംഭീരമായിരിക്കുന്നു’ എന്നെ വിളിച്ച് പറയുമ്പോൾ എന്റെ ഹൃദയം സന്തോഷംകൊണ്ട് ത്രസിക്കുന്നു.
ഐഎഫ്ഫ്കെയുടെ “മലയാള സിനിമ ഇന്ന്” വിഭാഗത്തിൽ 10-12-23 ന് കാതൽ തിരുവനന്തപുരം, കൈരളി തിയറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ പ്രേക്ഷകരുടെ അഭൂതപൂർവമായ ആൾകൂട്ടമാണ് ഉണ്ടായത്. ഡെലിഗേറ്റുകൾ, സെലിബ്രിറ്റികൾ, സാധാരണ പ്രേക്ഷകർ, സിനിമാ നിരൂപകർ, വാർത്താ-ദൃശ്യ മാധ്യമങ്ങൾ, സാഹിത്യ- കലാ പ്രവർത്തകർ തുടങ്ങിയവർ തിങ്ങി നിറഞ്ഞ സദസ്സ് ‘കാതലിനെ’ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയും തുറന്ന് അഭിനന്ദിക്കുകയും ചെയ്തു. LGBTQ വിഭാഗം സുഹൃത്തുക്കൾ ആവേശപൂർവം ഒരുക്കിയ സ്വീകരണവും ഹൃദയാവർജകമായി. ഡയറക്ടർക്കും ടീമിനുമൊപ്പം ‘ചരിത്ര വിജയത്തിന്റെ’ ഒരു ഭാഗമായി പ്രേക്ഷകർക്ക് മുന്നിൽ നിൽക്കാൻ കഴിഞ്ഞത് ജീവിതത്തിലെ  ഒരു അഭിമാന നിമിഷമായി ഞാൻ വിലമതിക്കുന്നു. പഴയ കാലസുഹൃത്തുക്കൾ എന്റെ ഫോൺ നമ്പർ തിരഞ്ഞ് പിടിച്ച് വിളിച്ച് അഭിനന്ദിക്കുമ്പോൾ എന്റെ ഹൃദയം തരളിതമാകുന്നു.

എല്ലാവർക്കും
നന്ദി, സ്നേഹം, നമസ്ക്കാരം, കടപ്പാട്. കാതൽ.’’


Source link

Related Articles

Back to top button