രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടി വനിതാ സംവിധായികമാരുടെ ചിത്രങ്ങൾ. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ച വനൂരി കഹിയു, മലയാളി സംവിധായകരായ ശ്രുതിശരണ്യം, നതാലിയാ ശ്യാം, ശാലിനി ഉഷാദേവി, മൗനിയാ മെഡൗർ, കൊറിയൻ സംവിധായിക ജൂലി ജംഗ് തുടങ്ങി 41 സിനിമകളാണ് വനിതകൾ ഒരുക്കിയിരിക്കുന്നത് . ലോകത്തെക്കുറിച്ചുള്ള സ്ത്രീകളുടെ അഭ്രപാളിയിലെ കാഴ്ചകളെയും കാഴ്ചപ്പാടുകളേയും വിലയിരുത്തലുളേയും നിറഞ്ഞകൈയ്യടിയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. നിറഞ്ഞ സദസിലാണ് വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പ്രദർശനങ്ങൾ പുരോഗമിക്കുന്നത്.
കെനിയയിലെ യാഥാസ്ഥിതിക ചിന്തകൾക്കെതിരെ പോരാടുന്ന വനൂരിയുടെ റഫീക്കി എന്ന ചിത്രത്തിന് മേളയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഹിയുവിന്റെ ഫ്രം എ വിസ്പർ, പുംസി എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട് . വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനമാണ് ഓസ്കാർ എൻട്രി നേടിയ അനിമേഷൻ ചിത്രമായ ദ് പെസൻറ്സിന്റെ പ്രമേയം. ഡി കെ വെൽച്ച്മാനും ഹ്യൂ വെൽച്ച്മാനും ചേർന്ന് ഒരുക്കിയ പോളിഷ് ചിത്രത്തിന് മേളയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
യു കെ യിലേക്ക് കുടിയേറുന്നവരുടെ ദുരവസ്ഥ ചർച്ച ചെയ്യുന്ന നഥാലിയ ശ്യാം ചിത്രം ഫുട്പ്രിന്റ്സ് ഓൺ വാട്ടറിനെ മേളയിൽ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഒൾഫാ എന്ന സ്ത്രീയുടെ ജീവിതം പ്രമേയമാക്കി ടുണീഷ്യൻ സംവിധായിക കാവോത്തർ ബെൻ ഹനിയ ഒരുക്കിയ ഫോർ ഡോട്ടേഴസ് , മിൻജ്യൂ കിമിന്റെ എ ലെറ്റർ ഫ്രം ക്യോട്ടോ, ലായെറ്റെറ്റിയ കോളോബാനിയുടെ ദി ബ്രെയ്ഡ്, ജൂലി ജംഗിന്റെ നെക്സ്റ്റ് സോഹീ, റമറ്റ ടൗലായേയുടെ ബാനെൽ&അടാമ, മൗനിയ മെഡൗറിന്റെ ഹൗറിയ തുടങ്ങിയ ചിത്രങ്ങൾക്കും മികച്ച വരവേൽപ്പാണ് ലഭിച്ചത് .
അയൽ രാജ്യങ്ങൾ തമ്മിലുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും തൊഴിലാളി മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ദിവ ഷായുടെ ബഹദൂർ ദി ബ്രേവ് ഫെസ്റ്റിവൽ കാലെയ്‌ഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആറു സ്ത്രീകളുടെ കഥ പറയുന്ന ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ, ശാലിനി ഉഷാദേവിയുടെ എന്നെന്നും എന്നിവ ഇതിനകം പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. മെക്സിക്കൻ സംവിധായിക ലില അവിലേസ്, ബ്രസീലിയൻ സംവിധായിക ലില്ല ഹല്ല നവാഗതയായ അമാൻഡ നെൽയു സംവിധാനം ചെയ്ത മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്‌ട്രൈപ്‌സ് എന്നിവയും മേളയിലുണ്ട്.
English Summary:
Women Directors In IFFK
Source link