INDIALATEST NEWS

പാർലമെന്റിലെ പ്രതിഷേധ ആക്രമണം: പ്രതികൾ പരിചയപ്പെട്ടത് സമൂഹമാധ്യമങ്ങളിലൂടെ


ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും ഗുരുഗ്രാമിൽ ഒന്നിച്ചു താമസിക്കുകയും ചെയ്ത ശേഷമാണ് അക്രമിസംഘം പാർലമെന്റിലേക്ക് എത്തിയത്. പ്രതികളെക്കുറിച്ച് ഇതുവരെ ലഭിച്ച വിവരങ്ങൾ:
∙ ഡി.മനോരഞ്ജൻ (35)
കർണാടകയിലെ മൈസൂരു സ്വദേശി. കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടി. ജോലി ലഭിക്കാത്തതിനെ തുടർന്നു പിതാവിനെ കൃഷിയിൽ സഹായിക്കുകയായിരുന്നു. മകനു ക്രിമിനൽ പശ്ചാത്തലമില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കട്ടെയെന്നും അച്ഛൻ ദേവെരാജെ ഗൗഡ പ്രതികരിച്ചു. 3 ദിവസം മുൻപ് ബെംഗളൂരുവിലേക്കു പോകുന്നെന്നു പറഞ്ഞാണു വീട്ടിൽ നിന്നിറങ്ങിയത്.

∙ സാഗർ ശർമ (37)
ലക്നൗവിലെ ആലംബാഗ് സ്വദേശി. 12–ാം ക്ലാസ് വരെ പഠിച്ചു. 2 വർഷത്തോളം ബെംഗളൂരുവിൽ ജോലി ചെയ്ത ശേഷം കഴിഞ്ഞ ഓഗസ്റ്റിൽ ലക്നൗവിൽ തിരിച്ചെത്തി. ഇ–റിക്ഷ ഓടിച്ചാണ് ഉപജീവനം.

∙ നീലം ദേവി (37)
ഹരിയാന ജിന്ദിലെ ഗസോ കുർദ് ഗ്രാമത്തിൽ വീട്. എംഫിൽ നേടിയ ശേഷം സിവിൽ സർവീസ് ഉൾപ്പെടെ മത്സരപരീക്ഷകൾക്കു തയാറെടുത്തിരുന്നു. പഠനം തുടരുന്നതിന്റെ ഭാഗമായി ഹിസാർ നഗരത്തിലായിരുന്നു താമസം. ജോലി ലഭിക്കാത്തതിൽ നിരാശയിലായിരുന്നു. 
∙ അമോൽ ഷിൻഡെ (25)
മഹാരാഷ്ട്ര ലാത്തൂരിലെ സാരി സ്വദേശി. സൈനിക റിക്രൂട്മെന്റ് നടപടികൾക്ക് ഡൽഹിയിൽ പോകുന്നുവെന്നാണു വീട്ടുകാരോടു പറഞ്ഞത്. റിക്രൂട്മെന്റിൽ തുടരെ പങ്കെടുത്തിട്ടും നിയമനം ലഭിക്കാത്തതിൽ നിരാശനായിരുന്നുവെന്ന് വീട്ടുകാർ.
∙ വിശാൽ ശർമ (വിക്കി)

ഹരിയാന ഹിസാർ സ്വദേശി.
∙ ലളിത് ഝാ (ഇപ്പോഴും ഒളിവിൽ)
ബിഹാർ സ്വദേശി. ആക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്നു. ഇയാളുടെ ഗുരുഗ്രാം സെക്ടർ 7ലെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി പ്രതികൾ ഒത്തുകൂടിയത്. ഇവിടെനിന്നു പാർലമെന്റിലേക്കു പുറപ്പെട്ടതും ഒരുമിച്ച്.
വെറും പുകയല്ല; കൃത്യമായ ആസൂത്രണമെന്ന് പൊലീസ്
പാർലമെന്റിൽ അതിക്രമിച്ചുകയറി പ്രതിഷേധപ്പുക ഉയർത്തിയതിനു പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നതായി പൊലീസ്. സംഘത്തിലെ 6 പേരും 4 വർഷമായി സുഹൃത്തുക്കൾ. പാർലമെന്റിനുള്ളിൽ കയറാൻ പാസിനു വേണ്ടി 3 മാസമായി ശ്രമിച്ചിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് 6 പേരും പരിചയപ്പെടുന്നതും ആശയവിനിമയം നടത്തിയിരുന്നതും. പാർലമെന്റിൽ വരുന്നതിനു മുൻപ് 5 പേർ ഗുരുഗ്രാമിലെ വിശാലിന്റെ വീട്ടിലാണു താമസിച്ചത്.

കർഷകസമരം, മണിപ്പുർ കലാപം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിൽ കടുത്ത അസംതൃപ്തരാണു തങ്ങളെന്നും ഈ സാഹചര്യത്തിലാണു പ്രതിഷേധം നടത്തിയതെന്നുമാണു പിടിയിലായ അമോൽ പൊലീസിനു നൽകിയ മൊഴി. 
2 പേർക്കു പാസ് അനുവദിക്കാനുള്ള അപേക്ഷ ചൊവ്വാഴ്ച മൈസൂരു എംപി പ്രതാപ് സിംഹയുടെ ശുപാർശ സഹിതം ലഭിച്ചതായി പാസ് ഇഷ്യൂയിങ് സെൽ അധികൃതർ സൂചിപ്പിച്ചു. അപേക്ഷയെത്തിയതും അനുവദിച്ചതും സാഗർ ശർമ, ഡി. മനോര‍ഞ്ജൻ എന്നിവർക്കായിരുന്നു. 
45 മിനിറ്റു സമയത്തേക്കു ലഭിച്ച പാസുമായി അവർ 2 മണിക്കൂറിലേറെ സന്ദർശക ഗാലറിയിൽ ഇരുന്നതും വീഴ്ചയാണ്.
സഭയിൽ 8 ഗാലറികൾ 
പാർലമെന്റ് നടപടി വീക്ഷിക്കാൻ ലോക്സഭയിലും രാജ്യസഭയിലുമായി 8 ഗാലറികൾ വീതമുണ്ട്. 

∙  പൊതുജനങ്ങൾക്കായി 2 ഗാലറികൾ. 
∙ വിശിഷ്ടാതിഥികൾക്കു വേണ്ടി ഒരു ഗാലറി.
∙ മാധ്യമപ്രവർത്തകർക്കായി 2 ഗാലറികൾ
∙ മെംബേഴ്സ് ഗാലറി. രാജ്യസഭയിലെ മെംബേഴ്സ് ഗാലറി ലോക്സഭാംഗങ്ങൾക്കുള്ളതാണ്. ലോക്സഭയിലേത് രാജ്യസഭാംഗങ്ങൾക്കും. ഇവയെല്ലാം മുകളിലത്തെ നിലയിൽ
∙ താഴത്തെ നിലയിൽ സഭാധ്യക്ഷന്റെ ഇരുവശവുമായി 2 ബോക്സുകൾ– ഒഫിഷ്യൽ ഗാലറിയും സ്പെഷൽ ബോക്സും. 

∙ സഭാധ്യക്ഷന്റെ ഇടതുവശത്തുള്ളതാണു സ്പെഷൽ ബോക്സ്. രാഷ്ട്രപതി, ഗവർണർമാർ, വിദേശരാഷ്ട്രത്തലവന്മാർ തുടങ്ങിയവർക്കേ ഇവിടെ പ്രവേശനം നൽകൂ. 
∙ അധ്യക്ഷ കസേരയുടെ വലതുവശത്തെ ഗാലറിയിൽ മന്ത്രാലയങ്ങളുടെ ഉൾപ്പെടെ പ്രതിനിധികളാണ് ഉണ്ടാവുക. 


Source link

Related Articles

Back to top button