INDIALATEST NEWS

പുകക്കുറ്റി ഷൂസിൽ; സ്പീക്കർക്കു നേരെ പാഞ്ഞു

ആദ്യം സാഗർ ശർമയാണ് സഭയിലേക്കു ചാടിയത്. ഇയാൾ ലോക്സഭയിലെ വനിതാ അസിസ്റ്റന്റിന്റെ ദേഹത്തേക്കു വീണു.  ബഹളത്തിനിടെ നാലാം ഗാലറിയിൽനിന്നു ചാടിയ മനോരഞ്ജൻ  സീറ്റുകൾക്കു മുകളിലൂടെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു പാഞ്ഞു. അവിടേയ്ക്കു പുകക്കുറ്റി എറിയാനുള്ള ശ്രമത്തിനിടെ രാജസ്ഥാനിൽനിന്നുള്ള ലോക്സഭാംഗം ഹനുമാൻ ബേനിവാൾ ഇയാളെ കീഴ്പ്പെടുത്തി. മറ്റ് എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഇയാളെ തടഞ്ഞുവച്ചു. സാഗറിനെയും അപ്പോഴേക്കു കീഴ്പ്പെടുത്തി. അതീവ സുരക്ഷാ മേഖലയായ പാർലമെന്റിലേക്കു ഷൂസിനുള്ളിൽ വച്ചാണ് ഇവർ പുകക്കുറ്റി കൊണ്ടുവന്നത്.
സ്പീക്കർ ഓം ബിർലയുടെ അഭാവത്തിൽ സഭ നിയന്ത്രിച്ച രാജേന്ദ്ര അഗർവാൾ  2 മണി വരെ സഭ നിർത്തിവച്ചു. സന്ദർശക ഗാലറിയിലുണ്ടായിരുന്നവരെ ഒഴിവാക്കി. ട്രഷറി ബെഞ്ചിലിരുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സഭയിൽനിന്നു പുറത്തേക്കു പോയ ഉടനെയായിരുന്നു യുവാക്കൾ ചാടിയത്. മന്ത്രി അശ്വിനി വൈഷ്ണവ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഈ സമയത്ത് സഭയിലുണ്ടായിരുന്നു. രാഹുലിനെയും മറ്റും വശത്തെ വാതിലിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തേക്കു കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ സഭയിലുണ്ടായിരുന്നില്ല. 

പാർലമെന്റിലെ സുരക്ഷാ സംവിധാനം മുഴുവൻ പുനഃപരിശോധിക്കാൻ സ്പീക്കർ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മുൻ എംപിമാർ, എംപിമാരുടെ പിഎമാർ എന്നിവർക്കു പുതിയ മന്ദിരത്തിലേക്കു പ്രവേശനം നിഷേധിച്ചു. കവാടങ്ങളിൽ ഫുൾ ബോഡി സ്കാനറുകൾ വയ്ക്കും. സന്ദർശകരെ ഇനി ഒരറിയിപ്പു വരെ തടഞ്ഞു. ആഭ്യന്തര മന്ത്രി അമിത്ഷാ പാർലമെന്റിൽ വിശദീകരണം നൽകണമെന്നും ബിജെപി എംപി പ്രതാപ് സിംഹയെ പുറത്താക്കണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.

‘ഏകാധിപത്യത്തോടുള്ള  പ്രതിഷേധം’

ഏകാധിപത്യം അവസാനിപ്പിക്കുക, ഭരണഘടനയെ മാനിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് യുവാക്കൾ വിളിച്ചത്.    ഒരു സംഘടനയിലും അംഗമല്ലെന്ന് പുറത്തു പ്രതിഷേധിച്ചവർ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ, ജനാധിപത്യവിരുദ്ധ പ്രവണതകളിൽ പ്രതിഷേധിക്കാനാണ് കയറിയതെന്നും തങ്ങൾ ദേശസ്നേഹികളാണെന്നും പിടിയിലായവർ വിളിച്ചുപറഞ്ഞു. 

English Summary:
Two people attempt to run towards the speaker seat with colour smoke in the shoes


Source link

Related Articles

Back to top button