ചെന്നൈ: വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് വീണ്ടും നീളും. ഇന്നലെ നടക്കേണ്ടിയിരുന്ന സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിക്ക് മുമ്പുള്ള പ്രദർശനം നീട്ടിയതോടെയാണിത്. ഉച്ചയ്ക്ക് 2നായിരുന്നു സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിക്ക് മുമ്പാകെ ചിത്രം പ്രദർശിപ്പിക്കേണ്ടിയിരുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിന് ഇതുസംബന്ധിച്ച് നിർദ്ദേശവും ലഭിച്ചു. എന്നാൽ,സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് ആരോഗ്യ പ്രശ്നമുണ്ടായതോടെ നടപടികൾ മാറ്റുകയായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ജനനായകൻ’ ആയി കാത്തിരിക്കുന്നത്. എന്നാൽ സ്‌ക്രീനിംഗ് മുടങ്ങിയതോടെ ആരാധകരെ വീണ്ടും നിരാശയിലാക്കി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് ചിത്രത്തിന് കൂടുതൽ നിയമക്കുരുക്കുകൾ സൃഷ്ടിച്ചേക്കാം. എങ്കിൽ ജൂലായിലേക്ക് റിലീസ് മാറ്റുമെന്നാണ് വിവരം.അതേസമയം, കേന്ദ്രസർക്കാറിനെതിരെ വിജയ് മുൻപ് രൂക്ഷ വിമർശനം നടത്തിയിരുന്നു,രാഷ്ട്രീയ പകപോക്കലാണ് റിലീസ് നീട്ടികൊണ്ട് പോകുന്നതിനുള്ള കാരണമെന്നാണ് താരത്തിന്റെ ആരോപണം.
Source link
ജനനായകൻ റിലീസ് നീളും: റീ-സെൻസറിംഗ് മാറ്റി

