INDIALATEST NEWS

പാസ്‌വേഡ് വേണ്ട, പാസ് മതി; പാർലമെന്റിലെ കടന്നാക്രമണം സർക്കാരിനും ബിജെപിക്കും തിരിച്ചടി


ന്യൂഡൽഹി ∙ കഴിഞ്ഞയാഴ്ച ലോക്സഭയിൽനിന്നു മഹുവ മൊയ്ത്രയെ പുറത്താക്കാൻ അടിസ്ഥാനമാക്കിയ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞത് പാർലമെന്റ് പോർട്ടലിന്റെ പാസ്‌വേഡ് കൈമാറുന്നത് സൈബർ ആക്രമണത്തിനു വഴിവയ്ക്കുമെന്നും അത് പാർലമെന്റിനെത്തന്നെ സ്തംഭിപ്പിക്കുമെന്നുമാണ്. പാസ്‌വേഡ് വേണ്ട, പാസ് മതി പാർലമെന്റിൽ കടന്നുകയറാനെന്ന് ഇന്നലെ വ്യക്തമായി.
2001 ലെ പാർലമെന്റ് ആക്രമണത്തെക്കുറിച്ച് ഏതാനും വർഷം മുൻപ് മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി പറഞ്ഞത്, അക്രമികളിലൊരാൾ പാർലമെന്റിൽ കടന്നിരുന്നെങ്കിൽ സ്ഥിതി ഭയാനകമായേനെ എന്നാണ്. ഇന്നലെ പാർലമെന്റിനുള്ളിൽ, ലോക്സഭയിലാണ് കടന്നാക്രമണം ഉണ്ടായത്.

‘ഏകാധിപത്യം നടക്കില്ല – ഭരണഘടനയെ മാനിക്കുക’ എന്നു പിടിയിലായ 4 പേരും വിളിച്ചു. ഒരാൾ, തൊഴിലില്ലായ്മയെക്കുറിച്ചും അവകാശങ്ങൾക്കു മേലുള്ള സർക്കാരിന്റെ അടിച്ചമർത്തലിനെക്കുറിച്ചും പറഞ്ഞു.

പിടിക്കപ്പെട്ടവർ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവർ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇവർ പദ്ധതി നടപ്പാക്കാൻ തിരഞ്ഞെടുത്തത് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിവസമാണ്. 

ഇന്നലെയോ അതിനു മുൻപോ പാർലമെന്റ് ആക്രമിക്കുമെന്ന് സിഖ് ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നു ഭീഷണിപ്പെടുത്തിയത് കഴിഞ്ഞയാഴ്ചയാണ്. ഇതു സംബന്ധിച്ച പന്നുവിന്റെ വിഡിയോയിൽ 2001 ലെ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട പോസ്റ്റർ ദൃശ്യമായിരുന്നു. ഇതെല്ലാം ചേർത്തുവായിക്കാൻ സുരക്ഷാ ഏജൻസികൾക്ക് എളുപ്പമാണ്.
പല സ്ഥലങ്ങളിൽനിന്നുള്ളവർ ഒരേ ലക്ഷ്യവുമായി ഒരുസ്ഥലത്ത് കൂടിച്ചേരുക എന്ന രീതി ഇന്നലത്തെ സംഭവത്തിലുണ്ട്. എന്നാൽ‍, പല സംസ്ഥാനങ്ങളിലുള്ളവർ എന്നതും അവരുടെ പശ്ചാത്തലവും അന്വേഷണത്തെ പല വഴിക്കു തിരിക്കാൻ പര്യാപ്തമാണ്. ബിജെപി എംപിയാണ് പാസ് ലഭ്യമാക്കിയത് എന്നതും മറ്റൊരു വഴിയിലേക്കു തിരിക്കാം.

സന്ദർശക പാസിനുള്ള അപേക്ഷയിൽ ഒപ്പിടുമ്പോൾ എല്ലാവരുടെയും പശ്ചാത്തലം എംപി അറിഞ്ഞിരിക്കുക പ്രായോഗികകമല്ല. എംപി തന്റെ ഓഫിസിലുള്ളവർ പറയുന്നതു മാനിക്കും. എന്നാൽ‍, അപേക്ഷയിൽ ഒപ്പിട്ടതല്ലാതെ പശ്ചാത്തലം നോക്കിയില്ല എന്നു പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് തലയൂരുക പ്രതാപ് സിംഹയ്ക്ക് എളുപ്പമല്ല. പശ്ചാത്തലം പരിശോധിച്ചെന്നു പറയാനും സാധിക്കില്ല.
ഈ സ്ഥിതിയിൽ, മഹുവയുടെ വിഷയത്തിൽ രോഷത്തിലായ പ്രതിപക്ഷം പ്രതാപിനെതിരെ നടപടി ആവശ്യപ്പെടുക സ്വാഭാവികം. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിവസമാണെന്നതും പന്നുവിന്റെ ഭീഷണിയുണ്ടായിരുന്നുവെന്നതും കണക്കിലെടുക്കുമ്പോൾ പ്രത്യേക സുരക്ഷാ മുൻകരുതൽ വേണമായിരുന്നു. അങ്ങനെ ഉണ്ടായിരുന്നുവെന്നാണ് പാർലമെന്റ് സുരക്ഷാ ഉദ്യോസ്ഥർ സൂചിപ്പിക്കുന്നത്. എങ്കിൽ, അതു പഴുതുള്ളതായിരുന്നുവെന്നാണ് വ്യക്തമായത്.

എവിടെയാണ് പിഴവുണ്ടായതെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. പ്രധാനമന്ത്രി സഭയിലുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒൗദ്യോഗിക ഗാലറിയിലുണ്ടാവുന്ന എസ്പിജി ഉദ്യോഗസ്ഥർ പ്രതികരിക്കുമായിരുന്നു. അതു മറ്റൊരു സാഹചര്യം സൃഷ്ടിച്ചേനെ. 2001ൽ ഭീകരാക്രമണമുണ്ടായത് ബിജെപിയുടെ ഭരണകാലത്താണ്.  രാജ്യസുരക്ഷ പ്രചാരണായുധമാക്കുന്ന പാർട്ടിക്ക് ഇന്നലത്തെ സംഭവംകൂടിയാകുമ്പോൾ രാഷ്ട്രീയമായ തിരിച്ചടി വലുതാണ്. പാർട്ടി എംപിയുടെ അതിഥികളായി ഗാലറിയിൽ പ്രവേശിച്ചവരാണ് കടന്നാക്രമണം നടത്തിയത് എന്നതുകൂടിയാവുമ്പോൾ ബിജെപിക്ക് പ്രതിരോധം എളുപ്പമല്ല.


Source link

Related Articles

Back to top button