ASTROLOGY

ഹരിവരാസനത്തിന്റെ നിർവൃതിയിൽ സന്നിധാനം; മണ്ഡലകാലത്തിന്റെ പുണ്യം നിറഞ്ഞ രാത്രി

മണ്ഡലകാലത്തിന്റെ പുണ്യം നിറഞ്ഞ രാത്രി. അത്താഴപൂജ കഴിഞ്ഞാൽ ഹരിവരാസനത്തിന്റെ നിർവൃതിയിലാണു സന്നിധാനം. രാത്രി 10.30 കഴിഞ്ഞപ്പോഴേ ഭക്തർ തിരുമുറ്റത്തും പരിസരത്തുമായി തമ്പടിച്ചു. ഹരിവരാസനം കണ്ടു തൊഴാനായി. അത്താഴപൂജ കഴിഞ്ഞു മേൽശാന്തിയും പരികർമികളും ചേർന്നു ശ്രീകോവിലിൽ ഹരിവരാസനം പാടിത്തുടങ്ങി. അതേസമയത്തു തന്നെ ഉച്ചഭാഷിണിയിലൂടെ യേശുദാസ് പാടിയ ഹരിവരാസനവും മുഴങ്ങി. ശരണം വിളികളില്ലാതെ വേഗം സന്നിധാനം നിശബദമായി. ഉറങ്ങിയവർ പോലും വേഗം എഴുന്നേറ്റു നിന്നു. അതിന്റെ അമൃതധാരയിൽ അലിയാൻ. തിരുനടയിൽ നിന്ന ഭക്തർ മാത്രമല്ല ദേവസ്വം ജീവനക്കാരും പൊലീസും എല്ലാവരും സ്വയം മറന്ന് ഏറ്റുചൊല്ലി. ‘‘ഹരിവരാസനം സ്വാമി വിശ്വമോഹനം ’’.അതിന്റെ അലൗകികപ്രഭയിലേക്കു ശ്രീകോവിലും തിരുമുറ്റവും മാത്രമല്ല സന്നിധാനം മുഴുവൻ അലിഞ്ഞു ചേർന്നു.

പാട്ട് അവസാന പാദത്തിൽ എത്തിയപ്പോൾ പൂജാ പുഷ്‌പങ്ങളാൽ മേൽശാന്തി പി.ജി.മഹേഷ് നിലവിളക്കിലെ തിരിനാളങ്ങൾ ഒന്നൊന്നായി കെടുത്താൻ തുടങ്ങി. ആദ്യം മുൻനിരയിലെ ദീപനാളങ്ങൾ. പിന്നെ ഓരോ വരിയിലെയും. പാട്ടിന്റെ ഈണത്തിനനുസരിച്ച് ഓരോ നാളവും അണച്ചു. അവസാന വരിയിലേക്ക് എത്തും മുൻപ് പരികർമികൾ എല്ലാം ശ്രീകോവിലിൽ നിന്നു പിന്നോട്ട് ഇറങ്ങി. സോപനത്തിരുന്നു. അതിനു ശേഷം അവസാന നാളവും അണച്ചു. ഒടുവിൽ ചുറ്റിലും അരണ്ട വെളിച്ചം നിറഞ്ഞു. ഭഗവാന്റെ പ്രഭ ബാക്കിയായി. അപ്പോഴേക്കും പരികർമികൾ മംഗളം ചൊല്ലിത്തുടങ്ങി. മേൽശാന്തി വേഗം ശ്രീകോവിലിനു പുറത്തിറങ്ങി വാതിൽ അടച്ചു. ഈ അപൂർവ നിമിഷത്തിനു സാക്ഷിയാകാൻ ഭാഗ്യം കിട്ടിയ സന്തോഷത്തിലാണ് ഭക്തർ. ഹരിവരാസനം പാടി അയ്യപ്പ സ്വാമിയെ ഉറക്കി നട അട അടയ്ക്കുന്നതു കണ്ടു തൊഴണമെന്ന ആഗ്രഹത്തിലാണു പലരും എത്തുന്നത്.


Source link

Related Articles

Back to top button