പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ചാൽ വരുന്നത് വൻ തിരിച്ചടി: ആർബിഐ
തിരുവനന്തപുരം ∙ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയ പെൻഷൻ പദ്ധതിയിലേക്കു പോകുന്ന സംസ്ഥാനങ്ങളെ കാത്തിരിക്കുന്നത് വൻ ധനപ്രതിസന്ധിയാണെന്ന് റിസർവ് ബാങ്കിന്റെ (ആർബിഐ) വാർഷിക റിപ്പോർട്ടിൽ മുന്നറിയിപ്പ്.
പഴയ പെൻഷൻ പദ്ധതിയിലേക്കു പോയാൽ സർക്കാരിന്റെ പെൻഷൻ ചെലവ് 4 മടങ്ങ് വർധിക്കും. ധനക്കമ്മിയുടെ (വരവും ചെലവും തമ്മിലെ അന്തരം അഥവാ കടമെടുക്കുന്ന തുക) ദേശീയ ശരാശരി, 3.1% മാത്രമായിരിക്കെ ചില സംസ്ഥാനങ്ങൾ 4% വരെയെത്തിച്ചിട്ടുണ്ട്. ആകെ കടം ദേശീയ തലത്തിൽ ജിഡിപിയുടെ 27.6% മാത്രമാണ്. എന്നാൽ, പല സംസ്ഥാനങ്ങളും 35% വരെയെത്തി. ഇത് അപകടകരമായ നിലയാണ്. കേരളത്തിൽ 36.9 ശതമാനമാണ്.
സംസ്ഥാനങ്ങൾ കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തെയും കടമെടുപ്പിനെയും ആശ്രയിച്ചു മുന്നോട്ടുപോകുന്ന പ്രവണത കൂടിക്കൂടി വരികയാണ്. ഇൗ വർഷം ജിഎസ്ഡിപിയുടെ 76% തുക സംസ്ഥാനങ്ങൾ പൊതുവിപണിയിൽ നിന്നു കടമെടുക്കുന്നെന്നാണു കണക്ക്. കേരളം, അസം, പഞ്ചാബ്, ആന്ധ്ര, ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ കേന്ദ്ര സഹായത്തെ ആശ്രയിക്കുന്നത്.
ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയടക്കമുള്ള ആസ്തികൾ വരുമാന സ്രോതസ്സുകളായി മാറ്റുകയോ വിറ്റഴിക്കുകയോ ചെയ്യണം. നഷ്ടം കൂടിക്കൂടി വരുന്നത് ഒഴിവാക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുകയോ വിൽക്കുകയോ ചെയ്യുക. സംസ്ഥാനങ്ങൾക്ക് വിവിധ ഖനനങ്ങളിലൂടെ വലിയ വരുമാനമുണ്ടാക്കാം. കേരളത്തിന്റെ ധനക്കമ്മി (വരവും ചെലവും തമ്മിലെ അന്തരം അഥവാ കടമെടുക്കുന്ന തുക) 2021–22ൽ 46,045 കോടിയായിരുന്നത് 2022–23ൽ 36,764 കോടിയായി കുറഞ്ഞു. ഇൗ വർഷം 39,662 കോടിയായി വർധിച്ചു.
പലിശച്ചെലവ് 2021–22ൽ 23,302 കോടിയും 2022–23ൽ 24,960 കോടിയും ഇൗ വർഷം 26,247 കോടിയുമാണ്. സംസ്ഥാനത്തിന്റെ ആകെ കടം 4.29 ലക്ഷം കോടിയാണ്. കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം 2021–22ൽ 57,302 കോടി, 2022–23ൽ 46,490 കോടി, 2023–24ൽ 39,216 കോടി. കേന്ദ്രത്തിൽ നിന്നുള്ള വായ്പ 2021–22ൽ 9,465 കോടി, 2022–23ൽ 2,765 കോടി, 2023–24ൽ 1,924 കോടി.
English Summary:
Abandoning contributory pension will be a huge setback warns Reserve Bank of India
Source link