അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ
ദുബായ്: മീഡിയം പേസർ രാജ് ലിംബാനിയുടെ മിന്നും ബൗളിംഗ് മികവിൽ അണ്ടർ 19 ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ നേപ്പാളിനെ 10 വിക്കറ്റിനു തകർത്താണ് ഇന്ത്യൻ കൗമാര സംഘം സെമി ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: നേപ്പാൾ 22.1 ഓവറിൽ 52. ഇന്ത്യ 7.1 ഓവറിൽ 57/0. 9.1 ഓവറിൽ 13 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ബറോഡക്കാരൻ രാജ് ലിംബാനിയുടെ മികവിലാണ് ഇന്ത്യ നേപ്പാളിനെ 52 റണ്‍സിനു ചുരുട്ടിക്കെട്ടിയത്. ആരാധ്യ ശുക്ല രണ്ടും അർഷിൻ കുൽക്കർണി ഒരു വിക്കറ്റും സ്വന്തമാക്കി. നേപ്പാൾ ഇന്നിംഗ്സിലെ ഒരു ബാറ്റർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 43 പന്തിൽ ലക്ഷ്യം കണ്ടു. 13 പന്തിൽ 13 റണ്‍സുമായി ആദർശ് സിംഗും 30 പന്തിൽ 43 റണ്‍സുമായി അർഷിൻ കുൽക്കർണിയും പുറത്താകാതെനിന്നു. നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എ രണ്ടാം സ്ഥാനത്തോടെയാണ് സെമിയിൽ പ്രവേശിച്ചത്. പാക്കിസ്ഥാൻ ഗ്രൂപ്പ് ചാന്പ്യന്മാരായി സെമിയിൽ പ്രവേശിച്ചു.
ലിംബാനിക്ക് റിക്കാർഡ് 13 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ രാജ് ലിംബാനിയാണ് പ്ലെയർ ഓഫ് ദ മാച്ച്. അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗാണ് ലിംബാനിയുടെ 7/13. 2003 അണ്ടർ 19 ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ ഇർഫാൻ പഠാൻ 7.5 ഓവറിൽ 16 റണ്‍സ് വഴങ്ങി ഒന്‍പത് വിക്കറ്റ് വീഴ്ത്തിയതാണ് റിക്കാർഡ്. പഠാന്റെ 7.5-3-16-9 ആണ് അണ്ടർ 19 ഏകദിനത്തിൽ ലോക റിക്കാർഡ്. പുരുഷ അണ്ടർ 19 മികച്ച ബൗളിംഗിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തും രാജ് ലിംബാനി എത്തി. 2018ൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയുടെ ലോയ്ഡ് പോപ്പ് 35 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് രണ്ടാം സ്ഥാനത്ത്.
Source link