ജീവിതത്തിൽ നല്ലതും നല്ലതല്ലാത്തതും സംഭവിക്കും: വിവാഹവാർഷികത്തിൽ കൃഷ്ണകുമാർ പറയുന്നു
സകുടുംബമുള്ള ചിത്രത്തോടൊപ്പം വിവാഹവാർഷിക കുറിപ്പ് പങ്കുവച്ച് നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ. ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ഭാര്യ സിന്ധുവുമായുള്ള വിവാഹം എന്ന് കൃഷ്ണകുമാർ പറയുന്നു. ദൈവം എന്ന അദൃശ്യ ശക്തി തങ്ങളെ ഇരുവരെയും ഒന്നിപ്പിച്ചത് ഡിസംബർ മാസം പന്ത്രണ്ടാം തീയതി ആയിരുന്നുവെന്നും നാല് മക്കളോടൊപ്പം ആ യാത്ര ഇന്നും തുടരുന്നതിൽ ദൈവത്തോട് നന്ദി പറയുന്നു എന്നും കൃഷ്ണകുമാർ കുറിച്ചു. ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കൃഷ്ണകുമാർ വിവാഹവാർഷിക കുറിപ്പ് പങ്കുവച്ചത്.
‘‘ജീവിതത്തിൽ എല്ലാം സംഭവിക്കുന്നതാണ്, നല്ലതും നല്ലതല്ലാത്തതും. പല കാര്യങ്ങളും നമ്മൾ ശ്രമിക്കാറുണ്ട്. ചിലതു വിചാരിച്ചപോലെ നടക്കും, ചിലത് നടക്കില്ല. നടക്കുമ്പോൾ സന്തോഷിക്കും, നടക്കാത്തപ്പോൾ ദുഃഖിക്കും. കല്യാണവും ഏകദേശം അതുപോലെയൊക്കെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ബഹുഭൂരിപക്ഷം കല്യാണങ്ങളിലും മുൻപരിചയമില്ലാത്ത ഒരു വ്യകതിയുമായി ഒരുമിച്ചു പോകുവാൻ തീരുമാനിക്കുന്നു. പിന്നീട് അവരുടെ ജീവിതത്തിൽ കുറെ കാര്യങ്ങൾ സംഭവിക്കുന്നു. ചിലരുടെ ബന്ധം നീണ്ടു നിൽക്കും. ചിലരുടേതു ഇടയ്ക്കു പിരിയുന്നു. ചിലർ പങ്കാളി നഷ്ടപ്പെട്ടു ഒറ്റയാവുന്നു. എല്ലാം സംഭവിക്കുന്നതാണ്.
ദൈവം എന്നു നമ്മൾ വിളിക്കുന്ന, വിശ്വസിക്കുന്ന ആ അദൃശ്യ ശക്തിയുടെ അനുഗ്രഹത്താൽ 29 വർഷം മുൻപ് ഒരു ഡിസംബർ മാസം 12 ആം തിയതി സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു. ദൈവത്തിനു നന്ദി. എല്ലാകുടുംബങ്ങളിലും നന്മയും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാർഥിക്കുന്നു.’’–കൃഷ്ണകുമാർ കുറിച്ചു.
സമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിക്കുന്ന താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
English Summary:
Krishnakumar and Sindhu complete 29 years of marital bliss
Source link