പേര് പ്രണവ്, ഗായകനാണ്: ഒടുവിൽ വരനെ വെളിപ്പെടുത്തി നടി സുരഭി സന്തോഷ്


നടി എന്നതിലുപരി മോഡലും ക്ലാസിക്കൽ ഡാൻസറും അഭിഭാഷകയുമാണ് സുരഭി സന്തോഷ്. 2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം  ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’യിലൂടെയാണ് സുരഭി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നായികയുടെ അനുജത്തിയുടെ വേഷമായിരുന്നു സുരഭിക്ക്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സുരഭി ഒടുവിൽ അഭിനയിച്ചത് ധ്യാൻ ശ്രീനിവാസനോടൊപ്പം ‘ആപ് കൈസാ ഹോ’ എന്ന ചിത്രത്തിലാണ്. 
സുരഭി സന്തോഷ് രണ്ടു ദിവസം മുൻപ് ഇട്ട ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ‘എല്ലായ്പ്പോഴും എന്റേതുമാത്രം’ എന്ന തലക്കെട്ടോടെ ഒരു യുവാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചെങ്കിലും കൂടുതലൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പ്രേക്ഷകർ പ്രതീക്ഷിച്ചതുപോലെ തന്നെ സുരഭി വിവാഹിതയാകാൻ ഒരുങ്ങുകയാണ്.

വിവാഹനിശ്‌ചയം വളരെ നാൾ മുൻപു കഴിഞ്ഞുവെന്നും ഇപ്പോഴാണ് തുറന്നു പറയാനുള്ള സമയമെത്തിയതെന്നും സുരഭി പറയുന്നു. വിവാഹവിശേഷങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് മനോരമ ഓൺലൈനിൽ എത്തുകയാണ് സുരഭി സന്തോഷ്.

മാതാപിതാക്കൾ നിശ്ചയിച്ചുറപ്പിച്ച വിവാഹം 

പ്രണവ് ചന്ദ്രൻ എന്ന ഗായകനാണ് എന്റെ പ്രതിശ്രുത വരൻ. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണ്. സരിഗമ ലേബലിലെ ആർടിസ്റ്റാണ്.  ബോളിവുഡ് ഗായകനാണ് പ്രണവ്. അദ്ദേഹം മലയാളി തന്നെയാണ്. പയ്യന്നൂരാണ് ജന്മനാട്, പക്ഷേ ജനിച്ചു വളർന്നത് മുംബൈയിൽ ആണ്.  

പരസ്പരം മനസ്സിലാക്കാൻ സമയം വേണമായിരുന്നു 

മാർച്ചിലാണ്‌ ഞങ്ങൾ ആദ്യം കണ്ടുമുട്ടിയത്. വിവാഹനിശ്ചയം കഴിഞ്ഞിട്ട് കുറച്ചുനാളായി. വീട്ടുകാരുടെ നിർബന്ധത്തിൽ ആയിരുന്നു അന്ന് അത് നടത്തിയത്.  പിന്നീട് ഞങ്ങൾക്ക് തമ്മിൽ മനസ്സിലാക്കാൻ കുറച്ചു സമയം വേണമെന്നു തോന്നി. അതുകൊണ്ടാണ് വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സൂചന ഇതുവരെ എവിടെയും നൽകാത്തത്. 

ഇത്രയും നാൾകൊണ്ട് ഞങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കി ഒരുമിച്ച് പോകാൻ പറ്റുമെന്ന് മനസ്സിലായി. അതാണ് ഇപ്പോൾ എല്ലാവരോടും ഈ വിവരം വെളിപ്പെടുത്താൻ തീരുമാനിച്ചത്. എന്റെ അഭിരുചികൾ മനസ്സിലാക്കുന്ന, എനിക്ക് കംഫർട്ടബിൾ ആയ ഒരാൾ ആണ് പ്രണവ്. മാർച്ച് 25 നാണ് ഞങ്ങളുടെ വിവാഹം. തിരുവനന്തപുരം കോവളത്ത് വച്ചായിരിക്കും ചടങ്ങുകൾ.  

സിനിമയും പ്രഫഷനും ഒരുമിച്ച് കൊണ്ടുപോകണം 
തിരുവനന്തപുരം ആണ് എന്റെ നാട്. പക്ഷേ ബെംഗളൂരുവിൽ ആണ് താമസിക്കുന്നത്. ഞാൻ അഡ്വക്കേറ്റ് ആയി ബെംഗളൂരുവിൽ പ്രാക്ടീസ് ചെയ്യുകയാണ്. അഭിനയവും ഒപ്പം കൊണ്ടുപോകുന്നുണ്ട്.  

മാർപാപ്പയിൽ തുടങ്ങിയ സിനിമാജീവിതം  
കുട്ടനാടൻ മാർപാപ്പ, ജയറാമേട്ടനോടൊപ്പം മൈ ഗ്രേറ്റ് ഫാദർ,  നൈറ്റ് ഡ്രൈവ്, കിനാവള്ളി, ഹരിശ്രീ അശോകൻ സാർ സംവിധാനം ചെയ്ത ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോരി എന്നിവയാണ് ഞാൻ അഭിനയിച്ച സിനിമകൾ. മൂന്നു സിനിമകൾ ഇപ്പോൾ പൂർത്തിയാക്കി. 

ധ്യാൻ ശ്രീനിവാസനോടൊപ്പം ആപ് കൈസേ ഹോ, ബാന്ദ്ര സിനിമയുടെ നിർമാതാക്കളുടെ ചിത്രമായ ത്രയം, അതിൽ സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അനാർക്കലി തുടങ്ങിയവരാണുള്ളത്, പിന്നെ ഇന്ദ്രജിത് സുകുമാരന്റെ അനുരാധ എന്ന ചിത്രം.


Source link
Exit mobile version