കാലിടറി ഗോകുലം കേരള
ശ്രീനഗർ: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കു സീസണിലെ രണ്ടാം തോൽവി. ശ്രീനഗറിലെ ടിആർസി പോളോ സിന്തറ്റിക് ടർഫ് ഗ്രൗണ്ടിൽ ഇന്നലെ നടന്ന മത്സരത്തിൽ റിയൽ കാഷ്്മീരിനോട് എതിരില്ലാത്ത മൂന്നു ഗോളിനാണു ഗോ കുലം തോറ്റത്. നോഹിയർ ക്രിസോയുടെ ഇരട്ട ഗോളും (31’, 65’) ജെറിമി ലാൽഡിൻപിയയുടെ (59’) ഗോളുമാണു കാഷ്മീരിനു ജയമൊരുക്കിയത്. ആദ്യപകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ രണ്ടും ഗോളുകളാണു കാഷ്മീർ നേടിയത്. ഇതോടെ അവസാനം കളിച്ച അഞ്ചു കളികളിലും ജയം ഗോകുലത്തിൽനിന്ന് അകന്നുനിന്നു.
ഒൻപത് കളികളിൽനിന്ന് അഞ്ചു ജയവും രണ്ട് വീതം സമനിലയും തോൽവിയുമായി റിയൽ കാഷ്മീർ പോയിന്റ് ടേബിളിൽ മൂന്നാമതെത്തി. ഇത്രയും കളിയിൽ മൂന്നു ജയവും നാലു സമനിലയും രണ്ട് തോൽവിയുമായി ഗോകുലം ആറാമതുമായി. മുഹമ്മദൻ എസ്സിയാണു ടേബിളിൽ ഒന്നാമത്. ഐസ്വാൾ എഫ്സി രണ്ടാമതും.
Source link