നിയമപരമായ ശരിവയ്ക്കൽ; സമീപനത്തിൽ ന്യൂനത
ന്യൂഡൽഹി ∙ ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി ഭരണഘടനയുടെ 370-ാം വകുപ്പിൽനിന്ന് ഒഴിവാക്കുകയാണ് 2019 ഓഗസ്റ്റ് 5ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ചെയ്തത്. ഒപ്പം, ഭരണഘടനയിലെ എല്ലാ വകുപ്പുകളും ജമ്മു കശ്മീരിനും ബാധകമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കാനും സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്ര ഭരണപ്രദേശങ്ങളാക്കാനും നിയമവും പാസാക്കി.
ജമ്മു കശ്മീർ ഇന്ത്യൻ യൂണിയനിൽ ചേരാൻ 1949 ൽ തീരുമാനിച്ചതിന്റെ ചുവടുപിടിച്ചും 370-ാം വകുപ്പിന്റെ താൽക്കാലിക സ്വഭാവം വിശദീകരിച്ചുമാണ് രാഷ്ട്രപതിയുടെ ഉത്തരവ് ശരിയെന്ന് കോടതി വ്യക്തമാക്കിയത്. ഇത്തരത്തിലൊരു ഉത്തരവിറക്കാൻ രാഷ്ട്രപതിക്കുള്ള അധികാരം അടിവരയിട്ടു പറഞ്ഞ കോടതി, പ്രത്യേക പദവിക്കും സ്വയംഭരണത്തിനും ജമ്മു കശ്മീരിന് അവകാശമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
∙ 67–ാം വകുപ്പ്: നടപടിക്രമം പാലിച്ചില്ല
എന്നാൽ, 370–ാം വകുപ്പ് പരിഷ്കരിക്കാനെന്നോണം 367–ാം വകുപ്പിൽ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ മാറ്റം വരുത്തിയത് കോടതി അംഗീകരിച്ചില്ല. ജമ്മു കശ്്മീരിലെ ‘ഭരണഘടനാ സഭ’ എന്ന പ്രയോഗം ‘നിയമസഭ’ എന്നു മാറ്റുന്നതായാണ് ഭേദഗതിയിൽ വ്യക്തമാക്കിയത്. ജമ്മു കശ്മീരിന് നേരത്തെ ഭരണഘടനാസഭ ഉണ്ടായിരുന്നു. അവർ സംസ്ഥാനത്തിന് പ്രത്യേകമായി ഭരണഘടന തയാറാക്കുകയും ചെയ്തു. 370–ാം വകുപ്പിൽ ചില ഭേദഗതികൾ വരുത്തി രാഷ്ട്രപതി ഉത്തരവിറക്കാൻ ജമ്മു കശ്മീർ ഭരണഘടനാസഭയുടെ പങ്കാളിത്തം ആവശ്യമായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് 367–ാം വകുപ്പിലൂടെ മാറ്റം കൊണ്ടുവന്ന് നിയമസഭ എന്നാക്കിയത്. രാഷ്ട്രപതിഭരണമായതിനാൽ നിയമസഭയുടെ അംഗീകാരം വേണ്ടിവന്നില്ല. പകരം, പാർലമെന്റിന്റെ അംഗീകാരമാണ് തേടിയത്. അതു കോടതി ശരിവയ്ക്കുകയും ചെയ്തു.
എന്നാൽ, 367–ാം വകുപ്പിൽ വരുത്തിയത് കാതലായ മാറ്റമാണെന്നും ഭരണഘടനാസഭയും നിയമസഭയും വ്യത്യസ്ത അധികാരങ്ങളുള്ളതും വ്യത്യസ്ത അംഗത്വ സ്വഭാവമുള്ളതുമായ സംവിധാനങ്ങളാണെന്നും കോടതി വ്യക്തമാക്കി. ഭരണഘടനാ വകുപ്പിൽ ഇത്തരമൊരു ഭേദഗതിക്ക് കൃത്യമായ നടപടിക്രമമുണ്ട്. അതു പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഇറക്കിയ ഉത്തരവിലെ 367–ാം വകുപ്പു സംബന്ധിച്ച ഖണ്ഡിക കോടതി റദ്ദാക്കിയത്. ഒന്നാം ഖണ്ഡിക ഉത്തരവിന്റെ പേരും പ്രാബല്യവും സംബന്ധിച്ചാണ്. ബാക്കിയാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. അത് സർക്കാരിന്റെ മുൻനടപടിയെ എങ്ങനെ ബാധിക്കുമെന്നു വ്യക്തമാകേണ്ടതുണ്ട്.
∙ സംസ്ഥാനപദവി : വിധിയിൽന്യൂനത
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കിയ നടപടി സംബന്ധിച്ച് സുപ്രീം കോടതിയുടെ സമീപനത്തിൽ ന്യൂനതയുണ്ട്. ഒരു സംസ്ഥാനത്തെ പൂർണമായി ഇല്ലാതാക്കാൻ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ അധികാരങ്ങളെല്ലാം എടുത്തുകളയാൻ പാർലമെന്റിന് അധികാരമില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ, ജമ്മു കശ്മീരിന്റെ കാര്യത്തിലുണ്ടായ നടപടി റദ്ദാക്കാൻ തയാറായിട്ടുമില്ല. കേന്ദ്ര ഭരണപ്രദേശങ്ങളെ യോജിപ്പിച്ച് പുതിയ സംസ്ഥാനമുണ്ടാക്കുക, സംസ്ഥാനത്തെ വിഭജിക്കുക തുടങ്ങിയവയ്ക്ക് അധികാരം നൽകുന്നത് ഭരണഘടനയുടെ മൂന്നാം വകുപ്പാണ്.
ഒരു സംസ്ഥാനത്തെ പൂർണമായി ഇല്ലാതാക്കാൻ ഈ വകുപ്പിലൂടെ സാധിക്കുമോയെന്ന് ഉചിതമായ കേസിൽ പരിശോധിക്കാമെന്നാണ് കോടതിയുടെ നിലപാട്. ജമ്മു കശ്മീരിന്റേത് ഉചിതമായ കേസ് അല്ലായിരുന്നോ എന്ന ചോദ്യമുണ്ട്. ഒപ്പം, കേന്ദ്രം തിരികെ നൽകുമെന്നു പറയുന്ന സംസ്ഥാന പദവി നേരത്തെയുണ്ടായിരുന്ന ജമ്മു കശ്മീർ സംസ്ഥാനത്തിന്റേതല്ല എന്നതും പരിഗണിക്കണം. കാരണം, സംസ്ഥാന പദവി തിരികെ ലഭിക്കുന്നത് ലഡാക്ക് ഉൾപ്പെടാത്ത ജമ്മു കശ്മീരിനാണ്. സംസ്ഥാന പദവി പിൻവലിച്ചുള്ള നിയമം റദ്ദാക്കിയാൽ അത് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയ നടപടിയെയും ബാധിക്കാം. പാർലമെന്റ് നിയമം നിർമിച്ച് സംസ്ഥാന പദവി പൂർണമായി ഒഴിവാക്കുന്നത് ഏതു സംസ്ഥാനത്തിനെതിരെയും പ്രയോഗിക്കാവുന്ന രീതിയായി അവശേഷിക്കുന്നു എന്നതാണ് സ്ഥിതി.
English Summary:
Supreme court verdict on article 370
Source link