രാജ്യസഭയിൽ വാക്പോര്
ന്യൂഡൽഹി ∙ ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗതി ബില്ലിലുള്ള ചർച്ചയിൽ രാജ്യസഭയിൽ ഭരണ, പ്രതിപക്ഷ കക്ഷികൾ പോരടിച്ചു. തമിഴ്നാട്ടിൽ ദ്രാവിഡ മുന്നേറ്റത്തിനു തുടക്കമിട്ട പെരിയാറിനെ പരാമർശിച്ച് ഡിഎംകെ എംപി മുഹമ്മദ് അബ്ദുല്ല നടത്തിയ പരാമർശമാണ് പോരിനു വഴിവച്ചത്.
സുപ്രീം കോടതി വിധിയിൽ എതിർപ്പറിയിച്ച് അബ്ദുല്ല നടത്തിയ പരാമർശം ഭരണഘടനാവിരുദ്ധമാണെന്നു കാട്ടി സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ രേഖകളിൽനിന്നു നീക്കി. എംപിമാർക്കു സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം തടസ്സപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്നും മല്ലികാർജുൻ ഖർഗെ, കെ.സി.വേണുഗോപാൽ, ദിഗ്‌വിജയ് സിങ് (കോൺഗ്രസ്) എന്നിവർ ചൂണ്ടിക്കാട്ടി.
അബ്ദുല്ലയുടെ പരാമർശത്തോടു കോൺഗ്രസിനു യോജിപ്പുണ്ടോയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ചു. യോജിപ്പുണ്ടോ ഇല്ലയോ എന്നതല്ല വിഷയമെന്നും ഡിഎംകെ എംപിയെ സംസാരിക്കാൻ അനുവദിക്കാത്തതാണു ചോദ്യംചയ്തതെന്നും ഖർഗെ വ്യക്തമാക്കി. പരാമർശത്തോടു കോൺഗ്രസ് യോജിക്കുന്നില്ലെന്ന് ജയറാം രമേശ് അറിയിച്ചു.
നെഹ്റുവിന്റെ മണ്ടത്തരത്തിന്റെ ഫലമാണ് കശ്മീരിലെയും രാജ്യത്തെയും ജനങ്ങൾ മുൻപ് അനുഭവിച്ചതെന്ന വിജയ്സായ് റെഡ്ഡിയുടെ (വൈഎസ്ആർ കോൺഗ്രസ്) പരാമർശം കോൺഗ്രസിനെ ചൊടിപ്പിച്ചു. കശ്മീർ ഇന്നും ഇന്ത്യയുടെ ഭാഗമായി നിലകൊള്ളുന്നത് നെഹ്റുവിന്റെ നയങ്ങൾ മൂലമാണെന്നും റെഡ്ഡി ചരിത്രം വായിച്ചിട്ടില്ലെന്നും നസീർ ഹുസൈൻ (കോൺഗ്രസ്) തിരിച്ചടിച്ചു.
ദേശീയ സുരക്ഷയെക്കുറിച്ചു പറയാൻ ബിജെപിക്ക് അവകാശമില്ലെന്ന് എ.എ.റഹീം (സിപിഎം) പറഞ്ഞു. പൂർണ അധികാരങ്ങളുള്ള സംസ്ഥാനമായി കശ്മീരിനെ മാറ്റണമെന്നു പി.വി.അബ്ദുൽ വഹാബ് (മുസ്‌ലിം ലീഗ്) ആവശ്യപ്പെട്ടു. ഫെഡറൽ തത്വങ്ങളിൽ വിശ്വാസമില്ലാത്ത ബിജെപി ഭരണഘടനാമൂല്യങ്ങളെ ആക്രമിക്കുകയാണെന്നു പി.സന്തോഷ് കുമാർ (സിപിഐ) കുറ്റപ്പെടുത്തി.
English Summary:
Ruling and opposition parties fight in Rajya Sabha on Jammu and Kashmir reorganization Amendment Bill
Source link