INDIALATEST NEWS

കശ്മീർ: "സത്യം പുറത്തുവരട്ടെ, അതു മുറിവുണക്കും": പ്രത്യേക വിധിന്യായത്തിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കോൾ


ജസ്റ്റിസ് സഞ്ജയ് കിഷൻ കോൾ എഴുതിയ വിധിന്യായത്തിലെ ഉപസംഹാര ഭാഗത്തിന്റെ സംക്ഷിപ്തം. സ്വതന്ത്ര പരിഭാഷ
ചരിത്രം ഏൽപിച ഭാരം ചുമക്കുകയാണ് കശ്മീർ താഴ്​വര. അതിനു സാമൂഹിക പശ്ചാത്തലമുണ്ട്. അതു മാറ്റിനിർത്തി ഭരണഘടനാ പദവിയുടെ കാര്യം പരിഗണിക്കുക എളുപ്പമല്ല. അതിനാൽ ഏതൊരു ചർച്ചയിലും ജമ്മു കശ്മീരിലെ ജനതയെയാണ് പ്രശ്നത്തിന്റെ കാതലായി പരിഗണിക്കേണ്ടത്. 1947 ൽ തുടങ്ങിയ സംഘർഷത്തിന്റെ ഇരകളാണ് അവർ. ഈ കടന്നുകയറ്റത്തിനു പൂ‍ർണപരിഹാരമുണ്ടാക്കാൻ രാഷ്ട്രീയ ഇടപെടലുകൾക്കു കഴിഞ്ഞിട്ടില്ല. കശ്മീരിന്റെ ചില ഭാഗങ്ങൾ മറ്റു രാജ്യങ്ങളുടെ അധീനതയിലായതിന്റെ പ്രത്യാഘാതങ്ങൾക്കും പരിഹാരമായിട്ടില്ല. 1980 കളുടെ രണ്ടാംപാതിയോടെ ഭീകരവാദവും ഉടലെടുത്തു. താഴെത്തട്ടിലെ കുഴപ്പം പിടിച്ച അന്തരീക്ഷം പരിഹരിക്കപ്പെടാതെ വന്നതോടെ 1989–90 ൽ ജനങ്ങളിൽ ഒരു വിഭാഗം പലായനം ചെയ്തു. വീടും ജന്മനാടും ഒഴിഞ്ഞുപോകേണ്ടിവന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെയാണ് നമ്മൾ മുന്നോട്ടുപോയത്. സ്വന്തം ഇഷ്ടത്താലല്ല അവർ ഒഴിഞ്ഞുപോയത്.
രാജ്യത്തിന്റെ ഐക്യവും പരമാധികാരവും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടായതോടെ സൈന്യത്തെ വിളിക്കേണ്ടിവന്നു. ശത്രുക്കളോടു പൊരുതേണ്ട സൈന്യത്തെ രാജ്യത്തിനുള്ളിലെ ക്രമസമാധാനം നിയന്ത്രിക്കാൻ വിന്യസിക്കേണ്ടിവന്നു. വിദേശ കടന്നുകയറ്റക്കാരെ തുരത്തുകയും ഐക്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന സൈന്യത്തിന്റെ ഇടപെടൽ മൂലം പ്രത്യേക അന്തരീക്ഷമാണ് സംജാതമായത്. സംസ്ഥാനത്തെ ജനങ്ങൾ അതിന് കനത്ത വില നൽകേണ്ടിവന്നു.  

∙ മുറിവുകൾ ഉണങ്ങേണ്ടത് തുടർയാത്രയ്ക്ക് അത്യാവശ്യം
ഇക്കാലയളവിൽ, ഞാൻ വീട്ടിൽ പോകുന്ന സന്ദർഭങ്ങളിൽ, സാമൂഹിക ബന്ധങ്ങൾ നേർത്തുവരുന്നതും പുതിയ തലമുറയ്ക്കുണ്ടായ ആഘാതം വിഭജിതമായ സമൂഹത്തെ കൂടുതൽ മോശമാക്കിയതും നിരീക്ഷിച്ചിട്ടുണ്ട്. ഒരു സഹായവും ചെയ്യാൻ കഴിയാതെ, ജനങ്ങൾ അനുഭവിക്കുന്നതു കണ്ട് വിഷമിക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ. ഈ ഉപസംഹാരം എഴുതാൻ ഞാൻ നിർബന്ധിതനായത് അങ്ങനെയാണ്. 
മുറിവുകൾ ഉണങ്ങേണ്ടത് മുന്നോട്ടുള്ള യാത്രയ്ക്ക് അത്യാവശ്യമാണ്. ഒരുമയോടെയും സഹിഷ്ണുതയോടെയും പരസ്പര ബഹുമാനത്തോടെയുമുള്ള ജീവിതാന്തരീക്ഷം തിരിച്ചുകൊണ്ടുവരണം. 1947 ലെ വിഭജനം പോലും ജമ്മു കശ്മീരിലെ സാമുദായിക സൗഹാർദത്തെ ബാധിച്ചിരുന്നില്ല എന്നോർക്കണം. അതു കണ്ടിട്ടാണ് ‘മാനവരാശിക്കു പ്രത്യാശയുടെ കിരണമാണ് കശ്മീരെ’ന്ന മഹാത്മാ ഗാന്ധിയുടെ പ്രശസ്തമായ വാചകമുണ്ടായത്!

∙ മനുഷ്യാവകാശ ലംഘനങ്ങള്‍ മനസ്സിലാക്കൂ
ആദ്യ പടിയായി, ഈ പ്രദേശത്തെ ജനങ്ങൾക്കുമേൽ ഭരണകൂടവും ഭരണകൂട ബാഹ്യ ശക്തികളും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി മനസ്സിലാക്കണം.  ഒരു മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയെ സംബന്ധിച്ചിടത്തോളം സത്യം പുറത്തുവരികയെന്നതാണ് ഏറ്റവും നല്ല പരിഹാരം. ഇതു രാജ്യാന്തര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സംഭവിച്ച കാര്യത്തെപ്പറ്റി വ്യവസ്ഥാപിത അന്വേഷണം, അക്രമങ്ങളിലേക്കു നയിച്ച സാഹചര്യത്തെപ്പറ്റിയുള്ള പഠനം, വ്യക്തി പീഡിപ്പിക്കപ്പെട്ട പ്രത്യേക സംഭവത്തെപ്പറ്റിയുള്ള അന്വേഷണം, ഇതെല്ലാം ഉൾക്കൊള്ളിച്ചുള്ള ആധികാരിക റിപ്പോർട്ട് എന്നിവ ഇതിന്റെ ഭാഗമായി വേണം. സത്യം കണ്ടെത്തുന്നത് ഇരകൾക്ക് തങ്ങളുടെ കഥകൾ പറയാൻ അവസരം നൽകും. തെറ്റുകാരെക്കൊണ്ടും സമൂഹത്തെക്കൊണ്ടു മൊത്തത്തിലൂം അത് അംഗീകരിപ്പിക്കാനാവും. അത് അനുരഞ്ജനത്തിനു വഴി തുറക്കും. 
∙ വസ്തുതാന്വേഷണ കമ്മിഷൻ വരട്ടെ

ഈ ലക്ഷ്യം നേടുന്നതിനു പല വഴികളുണ്ടെങ്കിലും വസ്തുതാന്വേഷണ, അനുരഞ്ജന കമ്മിഷനുകളാണ് ഏറ്റവും ഫലപ്രദമെന്നത് രാജ്യാന്തര തലത്തിൽ തെളിഞ്ഞതാണ്. വർണവിവേചന കാലത്ത് ദക്ഷിണാഫ്രിക്കയിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ വസ്തുതാന്വേഷണ, അനുരഞ്ജന കമ്മിഷനെ (ടിആർസി) നിയമിച്ചിരുന്നു. ഇരകൾക്ക് നീതി ഉറപ്പാക്കാനും സമാധാനം സൃഷ്ടിക്കാനും കമ്മിഷനു കഴിഞ്ഞു. ഈ നേട്ടത്തെപ്പറ്റി അൽബി സാച്ചസ് ജൂനിയർ ഇങ്ങനെ എഴുതുന്നു– ‘കമ്മിഷൻ കാരണം, ആയിരക്കണക്കിന് ആളുകളുടെ വ്യക്തിപരമായ വേദന പൊതുസമൂഹം അംഗീകരിച്ചു. ഇതിന്റെ ഉത്തരവാദികളായ ആളുകളും അംഗീകരിച്ചു. ചെയ്ത കുറ്റകൃത്യങ്ങൾ അവർ ക്യാമറകളുടെ മുന്നിൽ തുറന്നുപറഞ്ഞു. ഇതെല്ലാം സംഭവിച്ചതാണെന്നും ഇനിയും സംഭവിക്കാൻ സാധ്യതയുള്ളതാണെന്നും രാജ്യം അംഗീകരിച്ചു. വീണ്ടും ഇത് ആവർത്തിക്കാതിരിക്കാൻ കഴിയുമെന്നും സമൂഹം തിരിച്ചറിഞ്ഞു’.
അനുരഞ്ജന കമ്മിഷനെ നിയമിക്കണമെന്ന് മുൻപ് ആവശ്യമുയർന്നിരുന്നു. നിഷ്പക്ഷതയുള്ള ഇത്തരം കമ്മിഷനെ നിയമിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു. 1980 മുതൽ ജമ്മു കശ്മീരിൽ ഭരണകൂടവും ഇതരശക്തികളും നടത്തിയിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിച്ച് കമ്മിഷൻ റിപ്പോർട്ട് നൽകണം. അനുരഞ്ജനത്തിനുള്ള ശുപാർശകളും വേണം.  വേഗം കമ്മിഷൻ രൂപീകരിക്കണം, ഓർമകൾ മായുംമുൻപ്. പ്രവർത്തനം സമയബന്ധിതമാക്കണം. 
അവിശ്വാസത്തോടെ വളർന്ന ഒരു യുവതലമുറ തന്നെയുണ്ട്. അവരുടെ നഷ്ടം നികത്തുക എന്നതാണ് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം. വിഷയത്തിന്റെ പ്രാധാന്യവും വൈകാരിക തലവും പരിഗണിക്കുമ്പോൾ കമ്മിഷൻ എങ്ങനെ വേണമെന്ന കാര്യം സർക്കാർ തീരുമാനിക്കണമെന്നാണ് എന്റെ അഭിപ്രായം. കമ്മിഷനെ നിയമിക്കണമെന്ന് ശുപാർശ ചെയ്യുകയെന്നത് ഈ കോടതിയുടെ പരിധിക്കു പുറത്തുള്ള കാര്യമാണ്. അതേസമയം മനുഷ്യാവകാശ ലംഘനങ്ങൾക്ക് നീതി ലഭിക്കുക എന്നത് പരമപ്രധാനമാണ്. 

∙ കമ്മിഷൻ മറ്റൊരു കോടതിയായി മാറരുത്
മൗലികാവകാശങ്ങൾ നിഷേധിക്കുമ്പോൾ നീതി ഉറപ്പാക്കുന്ന രീതിയിലാണ് നമ്മുടെ കോടതികൾക്ക് രൂപം നൽകിയിട്ടുള്ളത്. ഇങ്ങനെ നീതി നടപ്പാക്കുന്നതിന്റെ ഭാഗമായി തന്നെ നമ്മുടെ കോടതികൾ സമൂഹം ആവശ്യപ്പെടുന്ന മറ്റു പരിഹാരങ്ങളും നിർദേശിക്കാറുണ്ട്. രാജസ്ഥാൻ സർക്കാർ എതിർകക്ഷിയായ വിശാഖ കേസിൽ സുപ്രീം കോടതിയുടെ ഉത്തരവ് ഇതിന് ഉദാഹരണമാണ്. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന മാർഗനിർദേശം, നിയമത്തിന്റെ അഭാവത്തിൽ കോടതി നൽകി.  
കമ്മിഷന്റെ കാര്യത്തിൽ ഒരു മുന്നറിയിപ്പുകൂടി നൽകാനുണ്ട്. കമ്മിഷൻ ഒരു കോടതിയായി മാറരുത്. മറിച്ച്, മാനുഷികവും വ്യക്തിപരവുമായ സമീപനം സ്വീകരിച്ചാൽ ആളുകൾ മടികൂടാതെ കാര്യങ്ങൾ തുറന്നുപറയും.  

∙ നടന്നതെല്ലാം നടന്നു; നാളെ നമ്മുടേതാണ്
ദക്ഷിണാഫ്രിക്കയുടെ അനുഭവത്തിൽ നിന്നു പറഞ്ഞാൽ, ‘ഉബുൻഡു’വിന്റെ തത്വങ്ങൾ‍, അഥവാ മാനവികതയുടെ കലയും എല്ലാവരെയും ഉൾക്കൊള്ളലും ആയിരിക്കണം ഈ പ്രക്രിയയുടെ കാമ്പ്. മുൻകാലങ്ങളിലുണ്ടാക്കിയ മുറിവുകൾക്കു ക്ഷമചോദിക്കുന്ന സമീപനം സ്വീകരിക്കാൻ അതു സഹായിക്കും. നാട് ഉപേക്ഷിച്ചു പോയവർക്ക് അന്തസ്സോടെ തിരിച്ചുവരാൻ സൗകര്യമൊരുക്കുകയും പഴയ നല്ല കാലത്തെ ആശ്ലേഷിക്കാൻ കശ്മീരികൾ തയാറാവുകയും ചെയ്താൽ ഒരുപാട് നല്ലതു സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നടന്നതെല്ലാം നടന്നുകഴിഞ്ഞു. നാളെ നമ്മുടേതാണ്.


Source link

Related Articles

Back to top button