രണ്ടാം ട്വന്റി 20 ഇന്ന്

ദർബൻ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ട്വന്റി 20 ക്രിക്കറ്റ് ഇന്ന്. ആദ്യ മത്സരം മഴ മൂലം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇന്ന് ഗബേഹയിലെ സെന്റ് ജോർജ്സ് പാർക്കിലും വ്യാഴാഴ്ച ജൊഹന്നാസ്ബർഗിൽ മൂന്നാം മത്സരവും നടക്കും. സെന്റ് ജോർജ്സ് പാർക്കിൽ മഴ ഭീഷണിയുണ്ട്. ഉച്ചകഴിഞ്ഞ് മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കമായാണ് ഈ പരന്പരയെ ഇരുടീമും കാണുന്നത്. പരന്പരയിൽ മഴ തുടർന്നാൽ ഇന്ത്യയുടെ യുവകളിക്കാർക്ക് വിദേശത്ത് മികവ് തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കും. ലോകകപ്പിനു മുന്പ് ഇന്ത്യയുടെ യുവതാരങ്ങൾക്ക് കുറച്ച് അവസരങ്ങളേ അന്താരാഷ്ട്ര ക്രിക്കറ്റിൽ ലഭിക്കൂ. ദക്ഷിണാഫ്രിക്കയിൽ ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ കൂടാതെ അഫ്ഗാനിസ്ഥാനെരേ മൂന്നു മത്സരങ്ങളുടെ ട്വന്റി 20 മത്സരം ജനുവരിയിലുണ്ട്. ദക്ഷിണാഫ്രിക്കയിലുള്ള 17 പേരിൽ എല്ലാവർക്കുംതന്നെ ശേഷിക്കുന്ന മത്സരങ്ങളിൽ അവസരം കൊടുക്കാനാകും മാനേജ്മെന്റ് ഉദ്ദേശിക്കുന്നത്.
ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ് എന്നിവർ ലോകകപ്പിനുള്ള ടീമിൽ സ്ഥാനം ഉറപ്പിച്ചേക്കും. മറ്റുള്ളവർക്ക് ഐപിഎല്ലിലൂടെ ഫോം തെളിയിക്കേണ്ട അവസ്ഥയാണ്. രോഹിത് ശർമയും വിരാട് കോഹ്ലിയും ലോകകപ്പിനുണ്ടെങ്കിൽ യശ്വസി ജയ്സ്വാളിനും ഋതുരാജ് ഗെയ്ക്വാദിനും ലോകകപ്പിലേക്കുള്ള സ്ഥാനം ഉറപ്പിക്കുന്നതിന് ഐപിഎല്ലിലെ പ്രകടനവും നിർണായകമാണ്. ജസ്പ്രീത് ബുംറ ഇല്ലാത്ത സ്ഥിതിക്ക് പേസ് നിരയെ നയിക്കേണ്ട ചുമതല അർഷ്ദീപ് സിംഗിന് മികച്ച അവസരമാണ് പരന്പര ഒരു ക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് ദീപക് ചാഹർ ടീമിനൊപ്പം ചേർന്നിട്ടില്ല. സ്പിന്നർമാരായ കുൽദീപ് യാദവും രവി ബിഷ്ണോയും ഫോം തുടരാനാണ് ലക്ഷ്യമിടുന്നത്. ലോകകപ്പിനു പിന്നാലെ വിശ്രമത്തിനുശേഷം രവീന്ദ്ര ജഡേജയും ടീമിനൊപ്പം ചേരും. ഇതേ പ്രശ്നങ്ങൾ തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്കും. ലോകകപ്പിനുമുന്പ് അഞ്ചു മത്സരങ്ങളാണ് അവർക്കുമുള്ളത്.
Source link