കബീർ ബേദിക്ക് ഇറ്റലിയുടെ പരമോന്നത സിവിലിയൻ ബഹുമതി

ഇറ്റലിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഇറ്റാലിയൻ റിപ്പബ്ലിക്ക് ഓർഡർ ഓഫ് മെറിറ്റ്’ നടൻ കബീർ ബേദിക്ക് നൽകി ആദരിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് കബീർ ബേദിക്ക് അവാർഡ് സമ്മാനിച്ചത്. തന്നെ സംബന്ധിച്ചടത്തോളം ഏറെ വൈകാരികമാണ് ഈ പുരസ്കാരമെന്നും ഇറ്റലിയിലെ തന്റെ ജീവിതത്തിലെ ജോലിയുടെ പൂർത്തീകരണമാണ് ഈ പരമോന്നത ബഹുമതിയെന്നും കബീർ ബേദി പറഞ്ഞു.
നിക്കോളോ ഫാബിയുടെ ലൈവ് സംഗീപരിപാടി അവാർഡ് ദാന ചടങ്ങിന് മിഴിവേകി. ഇറ്റലിയിലെയും ഇന്ത്യയിലെയും ചലച്ചിത്ര വ്യവസായങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ലോകോത്തര സിനിമകൾ നിർമിക്കാൻ സാധിക്കുമെന്നും കബീർ അറിയിച്ചു. പന്ത്രണ്ട് വർഷം മുമ്പ് അവർ എനിക്കു തന്ന കവലിയർ ബഹുമതിയെക്കാളും ഉയർന്നതാണ് ഇത്. ഈ ഇരട്ട ബഹുമതി എന്നെ സംബന്ധിച്ചിടത്തോളം രോമാഞ്ചമുണ്ടാക്കുന്ന അനുഭവമാണ് സമ്മാനിച്ചതെന്നും പുരസ്കാര നേട്ടത്തിന്റെ ചിത്രം പങ്കുവച്ച് കബീർ ബേദി സമൂഹമാധ്യമത്തിൽ കുറിച്ചു.
AWARDED one of Italy’s highest decorations, The Order of Merit! At a private ceremony overlooking the Gateway of India in Mumbai, I was awarded the “Order of Merit of the Italian Republic” (Merito della Repubblica Italiana), the most prestigious Italian civilian award.It was a… pic.twitter.com/6PdcfZwuln— KABIR BEDI (@iKabirBedi) December 11, 2023
വർഷങ്ങളായി നിലനിൽക്കുന്ന സ്നേഹത്തിന് ഇറ്റലിക്കും ഇറ്റാലിയൻ ജനതയ്ക്കും നന്ദി പറഞ്ഞ അദ്ദേഹം ഭാര്യ, കുട്ടികൾ, കൊച്ചുമക്കൾ എന്നിവരുടെ സാന്നിധ്യത്തിനും അവർ തന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷത്തിനും നന്ദി പറയുകയുണ്ടായി.
ബോളിവുഡ് സിനിമകളിലൂടെയും ജയിംസ് ബോണ്ട് ചിത്രമായ ഒക്ടോപ്പസി അടക്കമുള്ള ഹോളിവുഡ് ഹിറ്റുകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് കബീർ ബേദി. പൃഥ്വിരാജിനെ നായകനാക്കി സച്ചി സംവിധാനം ചെയ്ത അനാർക്കലിയിലും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ഗുരു നാനാക് പരമ്പരയിൽപെട്ട പഞ്ചാബി സിഖ് കുടുംബത്തിലെ ബാബ പ്യാരേ ലാൽ ബേദിയുടെയും ബ്രിട്ടിഷുകാരി ഫ്രീഡയുടെയും മകനായി 1946 ജനുവരി 16നു ലഹോറിൽ ജനിച്ചു. നൈനിറ്റാളിലെ ഷെർവുഡ് കോളജ്, ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1990കളുടെ തുടക്കത്തിൽ ദൂരദർശനു വേണ്ടി നവോദയ അപ്പച്ചൻ നിർമിച്ച് ജിജോ സംവിധാനം ചെയ്ത ബൈബിൾ പരമ്പരയിലും വേഷമിട്ടിരുന്നു. ഗൺസ് ആൻഡ് ഗ്ലോറി, ഡയറക്ടേഴ്സ് കട്ട് തുടങ്ങിയ ടിവി പരിപാടികളുടെ അവതാരകനായി. ഓസ്കർ സംഘാടകരായ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിൽ 1982 മുതൽ വോട്ടിങ് മെമ്പറാണ്.
English Summary:
Kabir Bedi Receives Italy’s Highest Civilian Honour