വിഷ്ണുദേവ് സായി: ഗ്രാമമുഖ്യനിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്
ന്യൂഡൽഹി ∙ ഒരു മാസം മുൻപ് ഛത്തീസ്ഗഡിലെ കുങ്കുരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തവർക്ക് കേന്ദ്രമന്ത്രി അമിത് ഷാ ഒരു ഉറപ്പു കൊടുത്തു: ‘നിങ്ങൾ ഈ സ്ഥാനാർഥിയെ എംഎൽഎ ആക്കൂ, അദ്ദേഹത്തെ വലിയ ആളാക്കുന്ന കാര്യം ഞങ്ങളേറ്റു.’ അങ്ങനെ ജയിച്ച വിഷ്ണുദേവ് സായിയാണു പുതിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി.
കുങ്കുരു മണ്ഡലം 2008ൽ ആണ് രൂപീകരിച്ചത്. അതിനുശേഷം നടന്ന 2 തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഒപ്പമായിരുന്നു. എന്നാൽ 2018ൽ 4293 വോട്ടിനു കോൺഗ്രസിന്റെ യു.ഡി മിൻജ് ജയിച്ചു. ഇത്തവണ 25,541 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണു വിഷ്ണുദേവ് സായി മണ്ഡലം തിരിച്ചുപിടിച്ചത്.
ജഷ്പുർ ജില്ലയിലെ ബഗിയ ഗ്രാമത്തിലെ കാർഷിക കുടുംബത്തിലാണു ജനനം. സ്കൂൾ പഠനത്തിനു ശേഷം ബിരുദ പഠനത്തിനായി പോയെങ്കിലും പാതിവഴിക്ക് ഉപേക്ഷിച്ച് ഗ്രാമത്തിലേക്കു മടങ്ങി. ഗ്രാമമുഖ്യനായിട്ടായിരുന്നു പൊതുജീവിതത്തിന്റെ തുടക്കം.
ഛത്തീസ്ഗഡിൽ ഗോത്രവിഭാഗത്തിൽപ്പെട്ടയാളെ ബിജെപി മുഖ്യമന്ത്രിയാക്കുമെന്ന് ആദ്യം മുതൽക്കേ പ്രചാരണമുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 29 ആദിവാസി സംവരണ മണ്ഡലങ്ങളിൽ 17 സീറ്റുകളാണു ബിജെപി സ്വന്തമാക്കിയത്. അതുവരെ 27 സീറ്റ് കോൺഗ്രസിനൊപ്പമായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഗോത്രവിഭാഗങ്ങളെ കൂടുതലായി ഒപ്പം നിർത്താൻ മുഖ്യമന്ത്രിപദം വഴി ബിജെപി ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 32% ഗ്രോതവിഭാഗക്കാരാണ്.
Source link