ന്യൂഡൽഹി∙ മുൻ കേന്ദ്ര സഹമന്ത്രിയും മുതിർന്ന ഗോത്രവർഗ നേതാവുമായ വിഷ്ണുദേവ് സായ് (59) ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകും. ഇന്നലെ നടന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണു തീരുമാനം. പിന്നാലെ രാജ്ഭവനിലെത്തിയ വിഷ്ണുദേവിനെ മുഖ്യമന്ത്രിയാകാൻ ഗവർണർ ക്ഷണിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യംകൂടി അറിഞ്ഞശേഷം സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ നടക്കും.
അരുൺ സാവു, വിജയ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരായേക്കും. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ ഇന്നു നടക്കുന്ന നിയമസഭാകക്ഷി യോഗങ്ങൾക്കു ശേഷമറിയാം.
ഛത്തീസ്ഗഡിലെ ഗോത്രവർഗക്കാരനായ ആദ്യ മുഖ്യമന്ത്രിയായിരിക്കും വിഷ്ണുദേവ്. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ അജിത് ജോഗി ഗോത്രവർഗക്കാരനല്ലെന്ന് 2019ൽ തെളിഞ്ഞിരുന്നു.
കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കുങ്കുരവിൽ കാൽലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിഷ്ണുദേവ് ജയിച്ചത്. 4 തവണ ലോക്സഭാംഗമായിരുന്ന സായ് ഒന്നാം മോദി മന്ത്രിസഭയിൽ ഉരുക്കു സഹമന്ത്രിയായിരുന്നു. 1990ലും 1993ലും അവിഭക്ത മധ്യപ്രദേശിൽ എംഎൽഎയായിരുന്നു. 2006ലും 2020ലും ഛത്തീസ്ഗഡ് ബിജെപി അധ്യക്ഷനായിരുന്നു.
ഛത്തീസ്ഗഡിൽ ഗോത്രവിഭാഗത്തിൽപ്പെട്ടയാളെ ബിജെപി മുഖ്യമന്ത്രിയാക്കുമെന്ന് ആദ്യം മുതൽക്കേ പ്രചാരണമുണ്ടായിരുന്നു. 29 ആദിവാസി സംവരണ മണ്ഡലങ്ങളിൽ 17 സീറ്റുകളാണു ബിജെപി സ്വന്തമാക്കിയത്. അതുവരെ 27 സീറ്റ് കോൺഗ്രസിനൊപ്പമായിരുന്നു.
English Summary:
Vishnu Deo Sai Chief Minister of Chhattisgarh
Source link