ഹമാസിനെക്കുറിച്ചുള്ള ഉത്തരം: തള്ളിപ്പറഞ്ഞത് കൂട്ടുത്തരവാദിത്തമോ?
ന്യൂഡൽഹി ∙ ഹമാസ് വിഷയത്തിൽ ലോക്സഭയിൽ തന്റെ പേരിൽ നൽകിയ മറുപടിയെ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി തള്ളിപ്പറയുമ്പോൾ, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം എവിടെയെന്ന ചോദ്യം ഉയരുന്നു. മന്ത്രിസഭയ്ക്കു ലോക്സഭയോടു കൂട്ടുത്തരവാദിത്തം ഉണ്ടായിരിക്കണമെന്നു ഭരണഘടനയിലെ 75(3) വകുപ്പു വ്യക്തമാക്കുന്നു.
വിദേശകാര്യ മന്ത്രാലയത്തിനു ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് മന്ത്രി എസ്.ജയ്ശങ്കറോ സഹമന്ത്രിമാരായ മീനാക്ഷി ലേഖിയോ വി.മുരളീധരനോ രാജ്കുമാർ രഞ്ജൻ സിങ്ങോ ആവാം. ഈ ഉത്തരം മന്ത്രിയുടെ വ്യക്തിപരമായ മറുപടിയല്ല, സർക്കാരിന്റേതാണ്. മറുപടി തന്റേതല്ലെന്നു മീനാക്ഷി ലേഖി പറയുമ്പോൾ കൂട്ടുത്തരവാദിത്തത്തെ പരസ്യമായി തള്ളിപ്പറയുന്നതായി വ്യാഖ്യാനിക്കാം.
സാങ്കേതികപ്പിഴവാണെങ്കിൽ അതു മന്ത്രാലയത്തിനുള്ളിൽ തീരേണ്ട വിഷയം മാത്രമാണ്. എന്നാൽ, സഹമന്ത്രി പരാതി നൽകുന്നതും അതു പരസ്യമാക്കുന്നതും വിഷയത്തിനു മറ്റൊരു മാനം നൽകുന്നു. സർക്കാരിന്റെ നിലപാടിനോടു സഹമന്ത്രി പരസ്യമായി അകലം പ്രഖ്യാപിക്കുകയാണോ എന്ന ചോദ്യവും അപ്പോഴുണ്ടാവുന്നു.
∙ ‘ഇതു സംബന്ധിച്ച് വിദേശകാര്യ വക്താവ് വിശദീകരിച്ചിട്ടുണ്ട്. അതാണ് എനിക്കും പറയാനുള്ളത്.’ – വി. മുരളീധരൻ (വിദേശകാര്യ സഹമന്ത്രി)
English Summary:
Controversy over reply in Loksabha about Hamas
Source link