റോം: അമലോത്ഭവമാതാവിന്റെ തിരുനാൾ ആഘോഷിച്ച വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പ റോമിലെ പരിശുദ്ധ മറിയത്തിന്റെ വലിയപള്ളി (മേരി മേജർ ബസിലിക്ക) സന്ദർശിച്ച് വിശുദ്ധനാട്ടിലും യുക്രെയ്നിലും സമാധാനം പുലരാനായി പ്രത്യേകം പ്രാർഥിച്ചു. വലിയപള്ളിയിലെ “റോമൻ ജനതയുടെ സംരക്ഷക’’ യായ മാതാവിന്റെ ചിത്രത്തിനു മുന്നിൽ മൂന്നു സ്വർണറോസാപ്പൂക്കളും പുഷ്പമഞ്ജരിയും സമർപ്പിച്ചു പ്രാർഥിച്ച മാർപാപ്പ തുടർന്ന് സ്പാനിഷ് ചത്വരത്തിലെത്തി അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നിൽ തിരുനാൾ ദിനത്തിൽ പരന്പരാഗതമായി നടക്കാറുള്ള പ്രാർഥനയിലും പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വത്തിക്കാനിൽനിന്നു റോമിലെ ബസിലിക്കയിലെത്തിയത്. റോമിലെ ഏറ്റവും പ്രസിദ്ധമായ മരിയൻ ചിത്രത്തിനു മുന്നിൽ ഒരു മാർപാപ്പ സ്വർണപുഷ്പങ്ങൾ സമർപ്പിക്കുന്നത് ഇതു മൂന്നാം തവണയാണ്. 1613ൽ പോൾ അഞ്ചാമനാണ് ഇതിനുമുന്പ് ഇങ്ങനെ ചെയ്തിട്ടുള്ളത്.
തുടർന്ന് സ്പാനിഷ് ചത്വരത്തിൽവച്ചും, ദാരിദ്ര്യവും അനീതിയും നേരിടുന്നവർക്കുവേണ്ടിയും യുദ്ധത്തിന് ഇരയാകുന്നവർക്കുവേണ്ടിയും മാർപാപ്പ പ്രാർഥിച്ചു. യുക്രെയ്ൻ, പലസ്തീൻ, ഇസ്രയേൽ ജനതകളെ പരിശുദ്ധ മാതാവിനു സമർപ്പിച്ചു. തീവ്രവാദം, യുദ്ധം മുതലായവ മൂലം മക്കൾ നഷ്ടപ്പെട്ട അമ്മമാരെ പ്രത്യേകം സ്മരിച്ചു. അക്രമത്തിനിരയാകുന്ന എല്ലാ സ്ത്രീകളെയും മാതാവിനു ഭരമേല്പിക്കുന്നതായി പറഞ്ഞ മാർപാപ്പ, അവരുടെ കണ്ണുനീരൊപ്പണമെന്നു പ്രാർഥിച്ചു.
Source link