സഖാറോവ് പുരസ്കാരം: മഹ്സയുടെ കുടുംബത്തെ ഇറാൻ തടഞ്ഞു
പാരീസ്: മഹ്സ അമിനിക്ക് യൂറോപ്യൻ യൂണിയൻ മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച സഖാറോവ് പുരസ്കാരം സ്വീകരിക്കാനായി പാരീസിലേക്കു പുറപ്പെട്ട കുടുംബത്തെ ഇറേനിയൻ അധികൃതർ തടഞ്ഞു. മഹ്സയുടെ മാതാപിതാക്കളും സഹോദരനും പാരീസിലേക്കുള്ള വിമാനം കയറാൻ തുടങ്ങവേയായിരുന്നു സംഭവമെന്ന് കുടുംബത്തിന്റെ അഭിഭാഷക ഷിരീൻ അർഡകാനി പാരീസിൽ അറിയിച്ചു.
ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് ഇറാനിലെ മതപോലീസ് കസ്റ്റഡിയിലെടുത്ത കുർദ് വംശജയായ മഹ്സ(22) 2022 സെപ്റ്റംബർ 16ന് മരിക്കുകയായിരുന്നു. മഹ്സ കസ്റ്റഡിയിൽ കൊല്ലപ്പെട്ടതാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ഇറാനിലുടനീളം കടുത്ത സർക്കാർവിരുദ്ധ പ്രതിഷേധത്തിന് ഇതു കാരണമായി. യൂറോപ്യൻ യൂണിയൻ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സഖാറോവ് പുരസ്കാരം പ്രഖ്യാപിച്ചത്. ഡിസംബർ 13നാണ് പുരസ്കാരദാനം നിശ്ചയിച്ചിരിക്കുന്നത്.
Source link