വെടിനിർത്തൽ പ്രമേയം യുഎസ് വീറ്റോ ചെയ്തു
ന്യൂയോർക്ക്: ഗാസയിൽ അടിയന്തര വെടിനിർത്താലാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതി പരിഗണിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. പതിനഞ്ചംഗ സമിതിയിൽ യുഎഇ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് സ്ഥിരാംഗങ്ങളായ ഫ്രാൻസ്, റഷ്യ, ചൈന എന്നിവരടക്കം 13 പേർ വോട്ട് ചെയ്തു. സ്ഥിരാംഗങ്ങളായ ബ്രിട്ടൻ വിട്ടുനിന്നപ്പോൾ അമേരിക്ക വീറ്റോ അധികാരം പ്രയോഗിച്ചു പരാജയപ്പെടുത്തി. ഉടനടി വെടിനിർത്തുന്നത് അടുത്ത യുദ്ധത്തിനുള്ള വിത്തുപാകലാകുമെന്ന് അമേരിക്ക ചൂണ്ടിക്കാട്ടി. ഹമാസ്-ഇസ്രയേൽ യുദ്ധം മാനുഷികപരിഗണന വച്ച് ഉടൻ നിർത്തിവയ്ക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടത്. രണ്ടു മാസം പിന്നിട്ട യുദ്ധം ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് രക്ഷാസമിതിയെ അറിയിച്ചതിനു പിന്നാലെയാണ് പ്രമേയം പരിഗണനയ്ക്കു വന്നത്. ഇസ്രയേലിനും പലസ്തീനും ഇടയിൽ ദീർഘകാല സമാധാനം ഉണ്ടാകുന്നതിനെ പിന്തുണയ്ക്കുന്നെങ്കിലും ഉടൻ വെടി നിർത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് അമേരിക്കയുടെ ഡെപ്യൂട്ടി യുഎൻ അംബാസഡർ റോബർട്ട് വ്യക്തമാക്കി. ദീർഘകാല സമാധാനത്തിലോ ദ്വിരാഷ്ട്ര രൂപീകരണത്തിലോ ഹമാസിനു താത്പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രേലി ആക്രമണത്തിൽ ഗാസ തരിപ്പണമാകുകയും ജനങ്ങൾ കൂട്ടത്തോടെ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അന്റോണിയോ ഗുട്ടെരസ് യുഎൻ ചാർട്ടറിന്റെ 99-ാം ആർട്ടിക്കിൾ പ്രകാരമുള്ള വിശേഷാധികാരം പ്രയോഗിച്ച് രക്ഷാസമിതിക്കു കത്തെഴുതിയത്. ഗാസയിലെ 80 ശതമാനം ജനങ്ങളും അഭയാർഥികളായി. ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന് എന്നിവയുടെ അഭാവം ജനങ്ങൾ നേരിടുന്നു. ഗാസയിൽ ആക്രമണം തുടരുന്നു വടക്കൻ ഗാസയിൽ ഷുജയിയായിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലും ഹമാസ് ഭീകരരുമായി പോരാട്ടം നടക്കുന്നതായി ഇസ്രേലി സേന അറിയിച്ചു. ഷുജയിയായിലെ തുരങ്കശൃംഖല കണ്ടെത്തി നശിപ്പിച്ചു. ഖാൻ യൂനിസിനെ വളഞ്ഞ ടാങ്കുകൾ നഗരത്തിന്റെ കേന്ദ്രഭാഗത്തേക്കു നീങ്ങുകയാണ്. തെരുവുകളിൽ സേനയും ഭീകരരും തമ്മിൽ വലിയതോതിൽ ഏറ്റുമുട്ടൽ നടക്കുന്നു. ഇസ്രേലി അതിർത്തിയോടു ചേർന്ന ബേത്ത് ഹാനൂനിലും ഹമാസ് ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നു. ഇസ്രേലി സേന വളഞ്ഞിരിക്കുന്ന ജബലിയ അഭയാർഥി ക്യാന്പിലെ ആയിരങ്ങൾക്കു വെള്ളവും ഭക്ഷണവും ഇല്ലാതായെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
Source link