മകള്‍ മാളവികയുടെ ഭാവി വരനെ പരിചയപ്പെടുത്തി ജയറാം. നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ പ്രതിശ്രുത വരന്റെ പേര്. ജയറാം തന്നെയാണ് മാളവികയുടെ വിവാഹനിശ്ചയ ചിത്രം പങ്കുവച്ച് നവ് ഗിരീഷിനെ പരിചയപ്പെടുത്തിയത്. ‘‘എന്റെ ചക്കിക്കുട്ടന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇപ്പോൾ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്. നവ് ഗിരീഷ്. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ എല്ലാ വിധ മംഗങ്ങളും നേരുന്നു.’’–ജയറാം കുറിച്ചു.
പാലക്കാട് സ്വദേശിയാണ് നവനീത്. യുകെയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ആയി ജോലി ചെയ്യുന്നു. പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. 2024 മെയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് വിവാഹം.
വ്യാഴാഴ്ച കൂർഗ് ജില്ലയിലെ മടിക്കേരിയിൽ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന് അനുജത്തിയെ കൈപിടിച്ചു വേദിയിൽ എത്തിച്ചത് കാളിദാസാണ്. പൂക്കൾ കൊണ്ട് തോരണം തീർത്ത കുടയ്ക്ക് താഴെ മാളവികയെ ആനയിച്ചത് ഭാവി സഹോദരപത്നി താരിണിയും.
വിവാഹനിശ്ചയ ചടങ്ങില്‍ ജയറാം പങ്കുവച്ച വാക്കുകൾ ഇങ്ങനെ: ‘‘ഇത്തരത്തിലുള്ള ചടങ്ങുകൾ നമ്മൾ എത്രയോ ദിവസങ്ങളും മാസങ്ങളും മുൻപ് പ്ലാൻ ചെയ്യുന്നതാണ്. മനസ്സിൽ ഒരു സ്വപ്നം പോലെ കൊണ്ട് നടക്കുന്നതാണ്. പ്രത്യേകിച്ച് ചക്കിയുടെ നിശ്ചയം എന്ന് പറയുന്നത് എന്റെയും അശ്വതിയുടെയും എത്രയോ വർഷത്തെ സ്വപ്നമാണ്. കണ്ണന് ഞാൻ കുട്ടിക്കാലത്ത് കഥ പറഞ്ഞുകൊടുക്കും. അവന് ഇഷ്ടം ആനക്കഥയാണ്. ഞാൻ എപ്പോ ഷൂട്ടിങ് കഴിഞ്ഞു വന്നാലും രാത്രി എത്ര താമസിച്ചാലും “അപ്പാ ആനക്കഥ പറ അപ്പാ” എന്ന് പറയും. ആനക്കഥ എന്നുവച്ചാൽ മറ്റൊന്നുമല്ല. പെരുമ്പാവൂർ പണ്ട് ഞങ്ങളുടെ നാട്ടില് മദം പിടിച്ച ഒരു ആനയുടെ കഥ. ആ ആനയുടെ പിന്നാലെ ഞാൻ ഓടുന്ന ഒരു കഥ എന്റെ അച്ഛൻ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.
ഞാൻ ആ കഥാപാത്രം കണ്ണനെ ആക്കിയിട്ട് അവനോട് കഥ പറയും. അവസാനം കണ്ണൻ പോയി ആനയെ കൊണ്ട് വന്നു തളച്ച കഥ പറഞ്ഞ് അവനു ഒരു വീര പരിവേഷം കൊടുക്കും. അപ്പോഴേക്കും അവൻ ഉറങ്ങിപോകും. ചക്കിക്ക് അശ്വതിയും ഞാനും പറഞ്ഞു കൊടുക്കുന്നത് സിൻഡ്രല്ലയുടെ കഥയാണ്. ഒരിക്കൽ ചക്കിക്ക് ഒരു രാജകുമാരൻ വരും. ഭയങ്കര സുന്ദരനായ ഒരു രാജകുമാരൻ ചക്കിയെ തേടി വെള്ള കുതിരവണ്ടിയിൽ വരും. അങ്ങനത്തെ കഥകളാണ് ഞങ്ങൾ പറഞ്ഞുകൊടുത്തിട്ടുള്ളത്. അങ്ങനെ ഒരു രാജകുമാരനെ തന്നെ ചക്കിക്ക് ഗുരുവായൂരപ്പൻ കൊണ്ട് കൊടുത്തു. ഞങ്ങളുടെ ഒരുപാടുകാലത്തെ സ്വപ്നമാണ്. രണ്ടുമൂന്നു ദിവസമായി പല പ്രശ്നങ്ങളാണ്. ചെന്നൈയിൽ മഴ, പലർക്കും പല സ്ഥലത്തുനിന്നും എത്തിപ്പെടാൻ പറ്റുന്നില്ല, അപ്പോഴൊക്കെ ഗിരീഷ് എന്റടുത്തു പറയും ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ട് എല്ലാം ഭംഗിയായി നടക്കും. അങ്ങനെ ഇന്ന് ഗുരുവായൂരപ്പൻ എല്ലാം ഭംഗിയാക്കി തന്നു. 2024 മെയ് മാസം മൂന്നാം തീയതി ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ചിട്ട് വിവാഹം നടത്താനുള്ള ശക്തിയും ഭാഗ്യവും ഭഗവാൻ തരട്ടെ എന്ന് പ്രാർഥിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും എല്ലാ അനുഗ്രഹവും ഉണ്ടാകണം.’’
ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പിൽ പങ്കുവച്ചിട്ടില്ലായിരുന്നു.
മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേർഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.
വിനില്‍ സ്കറിയാ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രജിനി’യാണ് കാളിദാസിന്റെ പുതിയ റിലീസ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ നമിത പ്രമോദ് നായികയായി എത്തുന്നു.
English Summary:
Jayaram introduces son in law Navaneeth Gireesh for the first time
Source link