വാലിബനിലെ മോഹൻലാലിന്റെ സ്വർണക്കമ്മലിനുണ്ടൊരു പ്രത്യേകത; വിഡിയോ
മലൈക്കോട്ടൈ വാലിബൻ സിനിമയുടെ രണ്ടാം ടീസർ ഇറങ്ങിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ പോയത് മോഹൻലാലിന്റെ കാതിലെ കമ്മലിലേക്കാണ്. ടീസറിൽ “മോഹൻലാലിന്റെ ഡയലോഗിനൊപ്പം കാണിച്ച ആദ്യ ഷോട്ട് തന്നെ കാതിൽ കിടക്കുന്ന കമ്മൽ ആണ്. കാതിൽ ചുറ്റികിടക്കുന്ന മഞ്ഞനിറത്തിലുള്ള കല്ല് പതിപ്പിച്ച പ്രത്യേകതയുള്ള കമ്മൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോൾ ആ കമ്മലിന് പിന്നിലെ കഥപറഞ്ഞ് സേതു ശിവാനന്ദൻ എന്ന കൺസെപ്റ്റ് ആർട്ടിസ്റ്റ് പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്.
സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെയും കോസ്റ്റ്യൂം ഡിസൈനർ സുജിത്തിന്റെയും നിർദേശപ്രകാരം തന്റെ അച്ഛൻ നിർമിച്ച കമ്മൽ ആണ് ഇതെന്ന് സേതു പറയുന്നു. കമ്മൽ നിർമിക്കുന്ന വിഡിയോയും സേതു പങ്കുവച്ചിട്ടുണ്ട്.
‘‘ഇതാണ് വാലിബൻ സിനിമയിൽ ലാലേട്ടൻ ഉപയോഗിച്ച കമ്മൽ. ഇത് ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെയും കോസ്റ്റ്യൂം ഡിസൈനർ സുജിത്തിന്റെയും നിർദേശപ്രകാരം ചെയ്ത കമ്മലാണ്. ഈ കമ്മൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്റെ അച്ഛനാണ്. അച്ഛന്റെ പേര് ശിവാനന്ദൻ എന്നാണ്. എന്റെ അച്ഛൻ സ്വർണപ്പണിക്കാരനാണ്. കൃഷ്ണപുരം കോഓപ്പറേറ്റീവ് ബാങ്കിൽ ആണ് അച്ഛൻ വർക്ക് ചെയ്യുന്നത്.
ഈ ഒരു ആഭരണത്തിന് റഫ് ഫീൽ വേണം, കൈകൊണ്ടു നിർമിച്ചതാകണം എന്നാണു ലിജോ സാർ പറഞ്ഞത്. അപ്രകാരം ആണ് ഈ കമ്മൽ ഉണ്ടാക്കിയത്. ഇന്നലെ സിനിമയുടെ ടീസർ കണ്ടപ്പോൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷമായി. ടീസറിന്റെ ആദ്യ ഷോട്ടിൽ തന്നെ ഈ ഒരു കമ്മൽ കാണിക്കുന്നുണ്ട്. ഞങ്ങളുടെ സന്തോഷം പങ്കുവക്കാനാണ് ഈ വിഡിയോ ഇടുന്നത്.’’ സേതു ശിവാനന്ദൻ പറയുന്നു.
English Summary:
Story Behind Mohanlal’s Earring In Malaikottai Vaaliban
Source link