എന്റെ മകള്‍ കരഞ്ഞുകൊണ്ട് തിയറ്റര്‍ വിട്ടു; ‘അനിമലി’നെതിരേ കോണ്‍ഗ്രസ് എംപി

‘അനിമൽ’ സിനിമയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് എംപിയുമായ രന്‍ജീത് രഞ്ജന്‍. ‘അനിമല്‍’ കാണാന്‍ പോയ തന്റെ മകള്‍ ചിത്രം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തിയറ്റര്‍ വിട്ടുവെന്ന് രന്‍ജീത് രഞ്ജന്‍ രാജ്യസഭയില്‍ പറഞ്ഞു. ‘‘സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ്. നമ്മള്‍ എല്ലാവരും സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സിനിമയ്ക്ക് യുവത്വത്തെ സ്വാധീനിക്കാന്‍ കഴിയും. എന്റെ മകള്‍ കോളജിലെ സുഹൃത്തുക്കള്‍ക്കൊപ്പം ‘അനിമല്‍’ കാണാന്‍ പോയിരുന്നു. സിനിമ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കണ്ണീരോടെ അവള്‍ തിയറ്റര്‍ വിട്ടു. അവള്‍ക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. ഇത്തരം സിനിമകളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തെയാണ് കാണിക്കുന്നത്. കബീര്‍ സിങ് എന്ന സിനിമ നോക്കൂ. കേന്ദ്രകഥാപാത്രം അയാളുടെ ഭാര്യയെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്. അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. യുവാക്കള്‍ ഇത്തരം കഥാപാത്രങ്ങളെ മാതൃകയായി കാണുന്നു. സിനിമകളില്‍ ഇങ്ങനെയുള്ള അതിക്രമങ്ങള്‍ കാണുന്നതുകൊണ്ടാണ് സമൂഹത്തിലും ഇതെല്ലാം കാണേണ്ടി വരുന്നത്.’’- രന്‍ജീത് രഞ്ജന്‍ രാജ്യസഭയില്‍ പറഞ്ഞു.
ചിത്രത്തിൽ ‘അർജൻ വൈലി’ എന്ന ഗാനം ഉപയോഗിച്ചതിനെയും എംപി വിമർശിച്ചു. പഞ്ചാബി യുദ്ധഗാനം, രൺബീർ കപൂറിന്റെ കഥാപാത്രം കൊലപാതക പ്രവർത്തികൾ ചെയ്യുന്നതിന്റെ പശ്ചാത്തലമായി നൽകി. ഇത് മതവികാരം വ്രണപ്പെടുത്തിയേക്കാം, എന്നും അദ്ദേഹം പറഞ്ഞു.
‘‘മുഗളന്മാർക്കെതിരെയും ബ്രിട്ടീഷുകാർക്കെതിരെയും പോരാടിയ സിഖ് സേനയുടെ കമാൻഡർ-ഇൻ-ചീഫായിരുന്നു ഹരി സിങ് നൽവ, അദ്ദേഹത്തിന്റെ മകനാണ് അർജൻ സിങ് നൽവ. വിഭജനത്തിന് മുമ്പ് പാക്കിസ്ഥാനിലെ ഗുജ്രൻവാലയിൽ നിന്ന് നിരവധി പേരെയാണ് അദ്ദേഹം രക്ഷിച്ചത്. ഒരു കൂട്ട കൊലപാതക പശ്ചാത്തലത്തിലാണ് സിനിമ ഈ ചരിത്ര ഗാനം ഉപയോഗിക്കുന്നത്, ഇത് മതവികാരം വ്രണപ്പെടുത്തിയേക്കാം.’’–രഞ്ജീത് രഞ്ജൻ പറഞ്ഞു.
അതേസമയം ചിത്രം ബോക്സ്ഓഫിസിൽ വമ്പൻ കലക്‌ഷനുമായി കുതിക്കുകയാണ്. ചിത്രം, പുറത്തിറങ്ങി ഒരാഴ്ച കഴിയുമ്പോൾ 563 രൂപയാണ് ആഗോള ബോക്സ് ഓഫിസിൽ നിന്നു നേടിയത്. രൺബീർ കപൂർ നായകനാകുന്ന സിനിമയിൽ രശ്മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ തുടങ്ങിയ നീണ്ട താരനിരയാണ് അണിനിരക്കുന്നത്.
English Summary:
Congress MP flags Ranbir Kapoor’s Animal in Parliament over ‘shameful’ defence for violence, says ‘my daughter cried…’
Source link