മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ നിരീക്ഷകരെയിറക്കി ബിജെപി
ന്യൂഡൽഹി ∙ 3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ബിജെപി കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ എംഎൽഎമാരുമായി ഇവർ ചർച്ച നടത്തി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. കേന്ദ്ര നിരീക്ഷകർ– രാജസ്ഥാൻ: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സരോജ് പാണ്ഡെ എംപി, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ.
മധ്യപ്രദേശ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഒബിസി മോർച്ച ദേശീയ അധ്യക്ഷൻ കെ.ലക്ഷ്മൺ, ദേശീയ സെക്രട്ടറി ആശ ലാക്ഡ. ഛത്തീസ്ഗഡ്: ഗോത്രവർഗ കാര്യ മന്ത്രി അർജുൻ മുണ്ട, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം. ഇവർ ഇന്നോ നാളെയോ തന്നെ അതതു സംസ്ഥാനങ്ങളിലെത്തി ചർച്ച നടത്തും. മൂന്നിടത്തും ഉപമുഖ്യമന്ത്രിമാരുമുണ്ടാകുമെന്നാണ് സൂചന. രാജസ്ഥാനിൽ നിരീക്ഷകനായി രാജ്നാഥ് സിങ്ങിനെ നിയോഗിച്ചത് മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ അനുനയിപ്പിക്കാനാണെന്ന് പ്രചാരണമുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി വസുന്ധര ചർച്ച നടത്തിയിരുന്നു. വൈകുന്നേരം സമയം ചോദിച്ചിട്ടും രാത്രിയാണ് അവർക്കു സമയം അനുവദിച്ചത്. ജയ്പുരിലെ വസതിയിൽ 60 എംഎൽഎമാരെ വിളിച്ചുചേർത്ത് ശക്തി പ്രകടിപ്പിച്ച ശേഷമാണ് വസുന്ധര ഡൽഹിക്കു വന്നത്.
രാജസ്ഥാനിൽ മുന്നാക്ക ജാതിയിൽ നിന്നും മധ്യപ്രദേശിൽ ഒബിസിയിൽ നിന്നും ഛത്തീസ്ഗഡിൽ ഗോത്രവർഗത്തിൽ നിന്നുമായിരിക്കും മുഖ്യമന്ത്രിമാരെന്നും പാർട്ടിക്കുള്ളിൽ പ്രചാരണമുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന രേണു ക സിങ്ങും ലോക്സഭാംഗം ബാബാ ബാലക്നാഥും ലോക്സഭയിൽ നിന്നു രാജിവച്ചു. നിയമസഭകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട മറ്റു ബിജെപി എംപിമാർ നേരത്തേ രാജിവച്ചിരുന്നു. കോൺഗ്രസ് അംഗങ്ങളായ രേവന്ത് റെഡ് ഡിയും ഉത്തംകുമാർ റെഡ്ഡിയും ഉടൻ രാജിവയ്ക്കും.
English Summary:
BJP appointed observers to decide chief ministers in three states
Source link