ഗാസയിൽ സഹായവിതരണം നിലച്ചതായി യുഎൻ
ടെൽ അവീവ്: ഇസ്രേലി സേനയുടെ ആക്രമണം നേരിടുന്ന ഗാസയിൽ സഹായപദ്ധതികൾ നിലച്ചതായി യുഎൻ സഹായവിഭാഗം മേധാവി മാർട്ടിൻ ഗ്രിഫിത്ത് അറിയിച്ചു. ഗാസയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഇസ്രയേൽ കൂടുതൽ നടപടികൾ എടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ആവശ്യപ്പെട്ടു. സഹായ ഏജൻസികൾക്കു പ്രവർത്തിക്കാൻ പറ്റിയ സുരക്ഷിതമേഖലകൾ ഗാസയിൽ ഇല്ലെന്ന് ഗ്രിഫിത്ത് പറഞ്ഞു. “പുറത്തേക്കുള്ള വഴികളെല്ലാം അടഞ്ഞിരിക്കുന്ന പലസ്തീൻ ജനതയ്ക്കു ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ല. സഹായവിതരണം നടത്താനാവുന്നില്ല. സഹായവിതരണം നടത്തുന്നവർ ആക്രമിക്കപ്പെടാം അല്ലെങ്കിൽ കൊള്ളയടിക്കപ്പെടാം”- അദ്ദേഹം കൂട്ടിച്ചേർത്തു. പലസ്തീൻ ജനതയുടെ സംരക്ഷണം ഉറപ്പുവരുത്താനായി ഇസ്രയേലിനുമേൽ അമേരിക്ക സമ്മർദം തുടരുകയാണ്. ജനങ്ങളെ സംരക്ഷിക്കുമെന്ന ഇസ്രയേലിന്റെ വാഗ്ദാനവും പ്രവൃത്തിയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ പറഞ്ഞു. ഗാസയിൽ കൂടുതൽ സഹായമെത്തിക്കാൻ റാഫായ്ക്കു തെക്കുള്ള കാരം ഷാലോം ചെക്ക്പോസ്റ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തുറക്കാമെന്ന് ഇസ്രയേൽ അറിയിച്ചു. യുഎസിന്റെ സമ്മർദഫലമായിട്ടാണു നടപടി. ഇതിനിടെ, ഇസ്രേലി സേന ഗാസയിലുടനീളം വ്യോമ, കര ആക്രമണങ്ങൾ തുടരുകയാണ്. തെക്കൻ ഗാസയിലെ റാഫായിൽ വ്യോമാക്രമണങ്ങളുണ്ടായി. ഖാൻ യൂനിസിൽ ഹമാസ് ഭീകരരും ഇസ്രേലി സേനയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുന്നു. ഇസ്രേലി സേന ആക്രമണം നടത്തുന്ന വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാന്പിൽ ഇന്നലെ തീപിടിത്തമുണ്ടായി.
ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 17,177 ആയെന്നാണു കണക്ക്. 46,000 പേർക്കു പരിക്കേറ്റു. വെസ്റ്റ് ബാങ്കിലെ അൽഫറാ അഭയാർഥി ക്യാന്പിൽ ഇസ്രേലി സേന കഴിഞ്ഞദിവസം നടത്തിയ റെയ്ഡിൽ ആറു പലസ്തീനികൾ കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 266 ആയി. ബന്ദികളുടെ കൂട്ടത്തിൽപ്പെട്ട ഒരു ഇസ്രേലി ഭടൻ ഇന്നലെ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഇദ്ദേഹത്തെ രക്ഷിക്കാൻ ഇസ്രേലി സേന ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണു മരണം സംഭവിച്ചതെന്നും പറഞ്ഞു. ഇറാക്കിലെ യുഎസ് എംബസിക്കു നേർക്ക് മിസൈൽ ആക്രമണം ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്കു നേർക്ക് വെള്ളിയാഴ്ച മിസൈൽ ആക്രമണമുണ്ടായി. ആളപായവും നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഹമാസ്-ഇസ്രയേൽ യുദ്ധം തുടങ്ങിയശേഷം ഇറാക്കിലെയും സിറിയയിലെയും യുഎസ് ആസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളാണ് ഇതിനു പിന്നിലെന്നു പറയുന്നു.
Source link