പുതിയ യുദ്ധമുഖം തുറന്നാല്‍ ബെയ്‌റൂട്ടിനെ ഗാസയാക്കി മാറ്റും; ഹിസ്ബുള്ളയ്ക്ക് നെതന്യാഹുവിന്റെ ഭീഷണി

ജറുസലേം: ഹമാസിനൊപ്പം ചേര്‍ന്ന് പുതിയ യുദ്ധമുഖം തുറന്നാല്‍ തെക്കന്‍ ലെബനനും ബെയ്‌റൂട്ടും തകര്‍ക്കുമെന്ന് ഹിസ്ബുള്ളയ്ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. സമ്പൂര്‍ണ യുദ്ധം ആരംഭിക്കാന്‍ ഹിസ്ബുള്ള തീരുമാനിച്ചാല്‍ ബെയ്‌റൂട്ടിനേയും തെക്കന്‍ ലെബനനേയും ഗാസയും ഖാന്‍യൂനിസുമാക്കിമാറ്റും എന്നാണ് നെതന്യാഹുവിന്റെ ഭീഷണി. ഹിസ്ബുള്ളയുമായി വെടിവെപ്പു തുടരുന്ന ലെബനന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ പ്രതിരോധസേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡന്റ് ആസ്ഥാനം സന്ദര്‍ശിക്കവെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഗാസയുടെ തെക്കുഭാഗത്തേക്ക് ഇസ്രയേല്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇസ്രയേല്‍ സേന ഖാന്‍യൂനിസിലേക്ക് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഗാസയിലെ ബന്ദികളെകുറിച്ചും വെസ്റ്റ് ബാങ്കിലെ പാലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങളെകുറിച്ചും നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ ജോ ബൈഡന്‍ ആശങ്ക പ്രകടിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാല്‍ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഭീഷണി വൈറ്റ് ഹൗസ് പരാമര്‍ശിച്ചില്ല.
Source link