ബിഗ് ബിഷ്ണോയ്
ന്യൂഡൽഹി: ട്വന്റി-20 ക്രിക്കറ്റിൽ ഐസിസി റാങ്കിംഗിൽ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ ലെഗ് സ്പിന്നർ രവി ബിഷ്ണോയ് ഒന്നാം റാങ്കിലെത്തി. ബാറ്റർമാരിൽ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയയ്ക്കെതിരേ കഴിഞ്ഞ ട്വന്റി-20 പരന്പരയിലെ മികവാണ് ഇരുപത്തിമൂന്നുകാരനായ ബിഷ്ണോയിയെ ഒന്നാം റാങ്കിലെത്തിച്ചത്. പരന്പരയിലെ താരവും ബിഷ്ണോയ് ആയിരുന്നു. ഐസിസി റാങ്കിംഗിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബൗളറും ഈ ലെഗ് സ്പിന്നറാണ്. ബൗളർമാരുടെ റാങ്കിംഗിൽ സ്പിന്നർമാരുടെ ആധിപത്യം. ആദ്യ അഞ്ചു സ്ഥാനങ്ങളിലും സ്പിന്നർമാരാണ്. അഞ്ചു സ്ഥാനം മുന്നേറി 699 പോയിന്റുമായാണ് ബിഷ്ണോയ് റഷീദ് ഖാനെ (692) മറികടന്ന് ഒന്നാമതെത്തിയത്. 679 പോയിന്റ് വീതമുള്ള ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ, ഇംഗ്ലണ്ടിന്റെ ആദിൽ റഷീദ് എന്നിവരാണ് മൂന്നാം സ്ഥാനത്ത്. ശ്രീലങ്കൻ സ്പിന്നർ മഹീഷ തീക്ഷണ (677) ആണ് അഞ്ചാമത്. അക്ഷർ പട്ടേൽ ഒന്പത് സ്ഥാനം മുന്നേറി 18-ാമതെത്തി.
ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്താൻ സൂര്യകുമാറിനു സാധിച്ചു. ഓസ്ട്രേലിയയ്ക്കെതിരേയുള്ള പരന്പരയിൽ അഞ്ച് ഇന്നിംഗ്സിൽ 144 റണ്സുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹർദിക് പാണ്ഡ്യ മൂന്നാം സ്ഥാനത്ത് തുടരുന്നു. പരിക്കിനെത്തുടർന്ന് പാണ്ഡ്യക്ക് ഓസ്ട്രേലിയയ്ക്കെതിരേയുള്ള പരന്പര നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിലും ഹാർദിക്ക് ഇല്ല.
Source link