ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി അപ്രതീക്ഷിത തോൽവി വഴങ്ങിയപ്പോൾ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ജയം സ്വന്തമാക്കി. ആസ്റ്റണ്‍ വില്ലയാണ് നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് ജയം നേടിയത്. ലിയോണ്‍ ബെയ്ലി 74-ാം മിനിറ്റിൽ നേടിയ ഗോൾ വില്ലയ്ക്കു ജയമൊരുക്കി. ജയത്തോടെ 32 പോയിന്റുമായി വില്ല മൂന്നാം സ്ഥാനത്തെത്തി. 30 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്താണ്. ഈ സീസണിൽ സിറ്റിയുടെ മൂന്നാം തോൽവിയാണ്. ആസ്റ്റണ്‍ വില്ല ഹോം ഗ്രൗണ്ടിൽ നേടുന്ന തുടർച്ചയായ 14-ാം ജയവും. ചെൽസിക്കെതിരേ മികച്ച ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനും ടെൻ ഹാഗിനും ആശ്വാസം. രണ്ടു മത്സരങ്ങൾക്കുശേഷം യുണൈറ്റഡ് നേടുന്ന ജയമാണ്. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫർഡിൽ 2-1നാണ് യുണൈറ്റഡ് ചെൽസിയെ തോൽപ്പിച്ചത്. സ്കോട് മാക്ടോമിനെയുടെ (19’, 69’) ഇരട്ട ഗോളാണ് ചുവന്ന ചെകുത്താന്മാർക്ക് കരുത്തായത്. ചെൽസിക്കായി കോൾ പാമർ (45’) വലകുലുക്കി. 27 പോയിന്റുമായി യുണൈറ്റഡ് ആറാം സ്ഥാനത്താണ്. 19 പോയിന്റുള്ള ചെൽസി പത്താമതും.
ലിവർപൂൾ 2-0ന് ഷെഫീൾഡ് യുണൈറ്റഡിനെ തോല്പിച്ചു. ജയത്തോടെ ലിവർപൂൾ രണ്ടാം സ്ഥാനത്തെത്തി. വിർജിൽ വാൻ ഡിക് (37’), ഡൊമിനിക് സൊബോസ് ലെ (90+4) എന്നിവരാണ് ഗോൾ നേടിയത്. 34 പോയിന്റാണ് ലിവർപൂളിനു. 36 പോയിന്റുമായി ആഴ്സണലാണ് ഒന്നാമത്. ഫുൾഹാം 5-0ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും ബോണ്‍മൗത്ത് 2-0ന് ക്രിസ്റ്റൽ പാലസിനെയും ബ്രൈറ്റൻ 2-1ന് ബ്രെന്റ്ഫോർഡിനെയും തോല്പിച്ചു.
Source link