കോഹ്ലി 100 സെഞ്ചുറി നേടില്ല: ലാറ
മുംബൈ: രാജ്യാന്തര ക്രിക്കറ്റിൽ 100 സെഞ്ചുറി എന്ന ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡിനൊപ്പമെത്താൻ വിരാട് കോഹ്ലിക്കു സാധിക്കില്ലെന്ന് വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റൻ ബ്രയാൻ ലാറ. രാജ്യാന്തര ഏകദിനത്തിൽ 50 സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റർ എന്ന റിക്കാർഡ് 2023 ഐസിസി ലോകകപ്പിനിടെ കോഹ്ലി സ്വന്തമാക്കിയിരുന്നു. ടെസ്റ്റിൽ 29ഉം ട്വന്റി-20യിൽ ഒന്നും ഉൾപ്പെടെ ആകെ 80 സെഞ്ചുറി രാജ്യാന്തര വേദിയിൽ കോഹ്ലിക്കുണ്ട്. “കോഹ്ലിക്ക് ഇപ്പോൾ 35 വയസ് ഉണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ 80 സെഞ്ചുറിയും. 100 സെഞ്ചുറിയിലേക്ക് ഇനിയും 20 എണ്ണം ആവശ്യമാണ്. ഒരു വർഷം അഞ്ച് സെഞ്ചുറി വീതം നേടുകയാണെങ്കിൽ നാല് വർഷം വേണ്ടിവരും. അപ്പോഴേക്കും 39 വയസ് ആകും, ശരിക്കും 100 സെഞ്ചുറിയെന്നത് അതികഠിനമായ ലക്ഷ്യമാണ് ” – ബ്രയാൻ ലാറ പറഞ്ഞു. പല ക്രിക്കറ്റ് താരങ്ങൾക്കും കരിയറിൽ 20 സെഞ്ചുറി തികയ്ക്കാൻ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 കലണ്ടർ വർഷത്തിൽ ഇതുവരെ ഏകദിനത്തിൽ ആറും ടെസ്റ്റിൽ രണ്ടും ഉൾപ്പെടെ എട്ട് സെഞ്ചുറി കോഹ്ലി നേടി. 2017, 2018 വർഷങ്ങളിൽ 11 സെഞ്ചുറി വീതം നേടിയ ചരിത്രവും കോഹ്ലിക്കുണ്ട്. 2020, 2021 വർഷങ്ങളിൽ ഒരു സെഞ്ചുറിപോലും കോഹ്ലിക്ക് നേടാൻ സാധിച്ചില്ല എന്നതും ശ്രദ്ധേയം.
Source link