ഹൈദരാബാദ് ∙ തെലങ്കാന മുഖ്യമന്ത്രിയായി എ.രേവന്ത് റെഡ്ഡി സ്ഥാനമേറ്റു. 11 അംഗങ്ങളുള്ള മന്ത്രിസഭയും ചുമതലയേറ്റു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്ത ഉത്സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങ്. മല്ലു ഭട്ടി വിക്രമാർക ഉപമുഖ്യമന്ത്രിയായി.
എൻ.ഉത്തംകുമാർ റെഡ്ഡി, കെ.വെങ്കട്ട റെഡ്ഡി, സി.ദാമോദർ രാജനരസിംഹ, ഡി.ശ്രീധർ ബാബു, പി.ശ്രീനിവാസ റെഡ്ഡി, പൊന്നം പ്രഭാകർ, കോണ്ട സുരേഖ, ഡി.അനസൂയ (സീതക്ക) ടി.നാഗേശ്വര റാവു, ജെ.കൃഷ്ണറാവു എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരിലെ ഉത്തം കുമാർ റെഡ്ഡി (61) വ്യോമസേനയിലെ മുൻ പൈലറ്റാണ്. 7 തവണ നിയമസഭാംഗമായി.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് പ്രചാരണ സമയത്ത് നൽകിയ 6 വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഫയലിലും ശാരീരിക അവശതയുള്ള വനിതയ്ക്ക് ജോലി നൽകുന്ന ഫയലിലും ആണ് മുഖ്യമന്ത്രി ആദ്യം ഒപ്പുവച്ചത്.
അതിനിടെ, മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ബിഹാറിൽ നിന്ന് കുടിയേറിയ വ്യക്തിയാണെന്നും ‘തെലങ്കാന ഡിഎൻഎ ബിഹാർ ഡിഎൻഎയേക്കാൾ ശ്രേഷ്ഠം’ ആണെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞത് വിവാദമായി. മുഖ്യമന്ത്രി മാപ്പു പറയണമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ബിജെപിയോട് കോൺഗ്രസ്: ‘3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെവിടെ?’
ന്യൂഡൽഹി ∙ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും മുഖ്യമന്ത്രിയെ ഇനിയും തീരുമാനിക്കാത്തത് എന്തുകൊണ്ടെന്ന് കോൺഗ്രസ് ബിജെപിയോട് ചോദിച്ചു. ‘തിരഞ്ഞെടുപ്പുഫലം വന്ന് 24 മണിക്കൂർ തികയുംമുൻപേ തെലങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ താമസമെന്നു മാധ്യമങ്ങൾ വിമർശിച്ചു. ഞങ്ങൾ മുഖ്യമന്ത്രിയെ തീരുമാനിക്കുകയും അദ്ദേഹം അധികാരമേൽക്കുകയും ചെയ്തു. എന്നാൽ, 3 ദിവസം കഴിഞ്ഞിട്ടും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ബിജെപിക്കു സാധിച്ചിട്ടില്ല. ആരും ബിജെപിയെ വിമർശിക്കാത്തതെന്താണ്?’ – കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു.
English Summary:
Revanth Reddy takes charge as Telangana Chief Minister
Source link