സർവമത സമഭാവനയുടെ മനോഹര മാതൃക; മോനിപ്പള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രം

സർവമത സമഭാവനയുടെ മനോഹര മാതൃകയാണ് കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിലുള്ള ശ്രീ രാജരാജേശ്വരീ ക്ഷേത്രം. ഒരു ക്രിസ്തുമത വിശ്വാസി നിർമിച്ചു എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. മണക്കുന്നിൽ ടോമി ഫിലിപ്പാണ് ഈ ക്ഷേത്രം നിർമിച്ച് പൂജ ചെയ്യുന്നത്.

ഈ ക്ഷേത്രത്തിൽ നിത്യപൂജയില്ല. ഇംഗ്ലിഷ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് പൂജകൾക്കായി നട തുറക്കുന്നത്.. (Photo: Special Arrangement)

ക്ഷേത്രത്തിന്റെ ഉൽപത്തി

1995 ലാണ് ടോമി ഫിലിപ്പ് ഇവിടെ സ്ഥലം വാങ്ങുന്നത്. മറിച്ചു വിൽക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ എത്ര ശ്രമിച്ചിട്ടും കച്ചവടം നടക്കാതെ വന്നപ്പോൾ അവിടെ വീട് വച്ച് കുടുംബത്തോടൊപ്പം താമസവും ആരംഭിച്ചു. അധികം വൈകാതെ പല പ്രശ്നങ്ങളും തുടങ്ങിയെന്ന് ടോമി പറയുന്നു. അദ്ദേഹത്തിന്റെ വാഹനക്കച്ചവടം തകർന്നു. ജീവിതത്തിൽ ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടിയും വന്നു. ഒടുവിൽ അവിടെ റബർ കൃഷി തുടങ്ങാൻ തീരുമാനിച്ചു. അതിനായി ഭൂമി ഒരുക്കി കുഴിയെടുക്കാനുള്ള ട്രാക്ടർ എത്തിയതോടെയാണ് ടോമി ഫിലിപ്പിന്റെ  ജീവിതം മാറിമറിയുന്നത്.കുഴിയെടുക്കാൻ വന്ന ട്രാകടറിലെ ജോലിക്കാരൻ അവിടെയുള്ള പാറയിൽ രക്തക്കറ കണ്ടത്രേ. തുടർന്ന് പ്രശ്നം വച്ചപ്പോൾ അവിടെ ദേവീസാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തൽ. ആ പാറയിലെ ദേവീ ചൈതന്യത്തെ കാത്തുസൂക്ഷിക്കാൻ തീരുമാനിച്ച ടോമി 2002 ൽ അവിടെയൊരു ക്ഷേത്രം നിർമിക്കുകയായിരുന്നു. തുടർന്ന് അവിടെ പൂജയും ചെയ്തുതുടങ്ങി.

ദേവി രാവിലെ വനദുർഗ്ഗാഭാവത്തിലും ഉച്ചയ്ക്ക് ആദിപരാശക്തിയായും വൈകിട്ട് കണ്ണകിയായും ശിവനോടു കൂടി സ്ഥിതി ചെയ്യുന്നു. കള്ളിമാലി ഭഗവതിയാണ് മറ്റൊരു പ്രതിഷ്ഠ. (Photo: Special Arrangement)

ഐതിഹ്യം

നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ ഒരു യോഗീശ്വരൻ ഉണ്ടായിരുന്നെന്നും ദേവീഭക്തനായ അദ്ദേഹം തപസ്സിരുന്നത് ഈ പാറയിലാണെന്നും കരുതപ്പെടുന്നു. കാലങ്ങളോളം തപസ്സ് അനുഷ്ഠിച്ച യോഗീശ്വരന് ദേവി ദർശനം നൽകി. എന്നാൽ പ്രായാധിക്യം മൂലം യോഗീശ്വരൻ ദേവീ ദർശനം കഴിഞ്ഞ് ഇഹലോകം വെടിഞ്ഞുവെന്നും അദ്ദേഹം തപസ്സ് ചെയ്ത ആ പാറയിൽ ദേവി കുടികൊണ്ടു എന്നുമാണ് വിശ്വാസം. പാറയിലെ കാൽപാട് ദേവിയുടേതാണെന്നും ഭക്തർ വിശ്വസിക്കുന്നു. ഇവിടെ ഒരേ ചുറ്റുമതിലിനുള്ളിൽ തുല്യ പ്രാധാന്യമുള്ള രണ്ടു ഭദ്രകാളി ക്ഷേത്രങ്ങളാണുള്ളത്. ദേവി രാവിലെ വനദുർഗ്ഗാഭാവത്തിലും ഉച്ചയ്ക്ക് ആദിപരാശക്തിയായും വൈകിട്ട് കണ്ണകിയായും ശിവനോടു കൂടി സ്ഥിതി ചെയ്യുന്നു. കള്ളിമാലി ഭഗവതിയാണ് മറ്റൊരു പ്രതിഷ്ഠ. കള്ളിമാലി ഭഗവതിയുടെ പ്രതിഷ്ഠയെപ്പറ്റിയും ചില ഐതിഹ്യങ്ങളുണ്ട് 

യോഗീശ്വരൻ, ഗണപതി, സർപ്പം, യക്ഷി എന്നീ ഉപദേവതകളാണ് മറ്റു പ്രതിഷ്ഠകൾ. (Photo: Special Arrangement)

ടോമി ക്ഷേത്രം പണിത് പൂജകൾ ആരംഭിച്ചതോടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി. എന്നാൽ വീണ്ടും ചില പ്രതിസന്ധികൾ വന്നതോടെ വീണ്ടും പ്രശ്നം വച്ചു. വർഷങ്ങൾക്കു മുൻപ് ടോമിയും കുടുംബവും താമസിച്ചിരുന്നത് രാജാക്കാട് ആയിരുന്നു. കള്ളിമാലി ക്ഷേത്രത്തിനടുത്ത് ആയിരുന്നു താമസം. ചെറുപ്രായത്തിൽത്തന്നെ ദേവിയുടെ അനുഗ്രഹം ടോമിക്ക് ഉണ്ടായിരുന്നെന്നും ഇപ്പോൾ ഇവിടെ ഒരു ക്ഷേത്രം പണി കഴിപ്പിച്ചതോടെ കള്ളിമാലി ഭഗവതിക്കും ഇവിടെ ഒരു ഇരിപ്പിടം വേണമെന്നാണ് ആവശ്യമെന്നും പ്രശ്നത്തിൽ തെളിഞ്ഞു. അങ്ങനെയാണ് കള്ളിമാലി ഭഗവതിയെ ഇവിടെ പ്രതിഷ്ഠിച്ചത്. യോഗീശ്വരൻ, ഗണപതി, സർപ്പം, യക്ഷി എന്നീ ഉപദേവതകളാണ് മറ്റു പ്രതിഷ്ഠകൾ. ഈ ക്ഷേത്രത്തിൽ നിത്യപൂജയില്ല. ഇംഗ്ലിഷ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് പൂജകൾക്കായി അമ്പലം തുറക്കുന്നത്. മേടമാസത്തിലെ ചിത്രപൗർണ്ണമി നാളിലാണ് ഉത്സവം. ഓരോ ജന്മത്തിനും ഓരോ നിയോഗമുണ്ടെന്നും മന്ത്രമോ പൂജയോ പഠിക്കാതെ തന്നെ പൂജ ചെയ്യുക എന്ന വലിയൊരു നിയോഗമാണ് തനിക്കുള്ളതെന്നുമാണ് ടോമി ഫിലിപ് പറയുന്നത്.

English Summary:
Discover the Incredible Story of Monipally Sri Rajarajeshwari Temple: A Stunning Example of Interfaith Harmony


Source link
Exit mobile version