ASTROLOGY

ധനരേഖ തുടങ്ങുന്നത് ആയുർ രേഖയിൽ നിന്നാണോ? അറിയാം ധനരേഖയും ആയുസ്സും

കൈവെളളയിലെ രേഖകൾ നോക്കി ഒരാളുടെ ഭാഗ്യ നിർഭാഗ്യങ്ങളും ആയുസ്സും സാമ്പത്തിക സ്ഥിതിയുമൊക്കെ മനസ്സിലാക്കാൻ സാധിക്കും. ഹസ്തരേഖാ ശാസ്ത്രം ജ്യോതിഷം പോലെ തന്നെ ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. സാധാരണ പുരുഷന്മാരുടെ വലതുകയും സ്ത്രീകളുടെ ഇടതുകൈയും ആണ് നോക്കുന്നത്. രണ്ട് കൈകളും താരതമ്യം ചെയ്യുന്നത് കൂടുതൽ ഗുണകരമാണ്. ജോലിചെയ്യുന്ന സ്ത്രീകളുടെ ഇടതുകൈ ആണ് നോക്കേണ്ടത്. ഒന്നിലധികം ധനരേഖ പല മാർഗങ്ങളിലൂടെ പണം സമ്പാദിക്കാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. ധനരേഖയിൽ നിന്നും മേലോട്ടുള്ള പൊടി രേഖകൾ സാമ്പത്തിക അഭിവൃദ്ധിയാണ് സൂചിപ്പിക്കുന്നത്. ധനരേഖയെ ഭാഗ്യരേഖ എന്നും ഊർദ്ധരേഖ എന്നും വിളി ക്കാറുണ്ട്. അപൂർവമായി ഭിക്ഷക്കാരുടെ കയ്യിലും നീണ്ട ധനരേഖ കണ്ടിട്ടുണ്ട്. രേഖ ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല പ്രവർത്തികൂടി ശരിയാകണം എന്നാണ് ഇത് നൽകുന്ന സൂചന.

കൈപ്പത്തിയുടെ താഴെ നിന്നു നടുവിലൂടെ നടുവിരലിന് സമീപത്തേക്ക് പോകുന്ന രേഖയാണ് ധനരേഖ. ചിലരുടെ കയ്യിൽ ഇത് ആയുർരേഖയിൽ നിന്നായിരിക്കും തുടങ്ങുന്നത്. താഴെ നിന്ന് തുടങ്ങുന്ന രേഖ സൂചിപ്പിക്കുന്നത് പൂർവിക സ്വത്തിന്റെ കൂടെ സ്വയം ആർജ്ജിച്ച ധനം കൂടി ഉണ്ടാകും എന്നാണ്. എന്നാൽ ആയുർ രേഖയിൽ നിന്നാണ് ഈ രേഖ തുടങ്ങുന്നത് എങ്കിൽ അയാൾ സ്വയമേ സമ്പാദിച്ച സ്വത്ത് മാത്രമാണ് ഉണ്ടാവുക എന്നാണ് അത് സൂചിപ്പിക്കുന്നത്. ചിലരുടെ കയ്യിൽ ചന്ദ്രമണ്ഡലത്തിൽ (അതായത് കൈപ്പത്തിയുടെ താഴെ വലതു കൈയിൽ ഇടതുവശത്തും ഇടതുകൈയിൽ വലതുവശത്തുമായി വരുന്ന ഭാഗം) നിന്നാണ് ഈ രേഖ തുടങ്ങുന്നതെങ്കിൽ അവർ വിവാഹ ശേഷമോ വിദേശ വാസം തുടങ്ങിയ ശേഷമോ ആയിരിക്കാം പണം സമ്പാദിക്കുക.

ധനരേഖ മുറിഞ്ഞിരിക്കുന്നതും അതിൽ  കുറുകെ രേഖകൾ വരുന്നതും സാമ്പത്തിക നഷ്ടത്തെ സൂചിപ്പിക്കുന്നു. ധനരേഖ നടുവിരലിന്റെ അടുത്തുവരെ എത്തുകയോ ആ വര കയറി പോവുകയോ ചെയ്യുന്നുണ്ടെങ്കിൽ ആ വ്യക്തി ഒരുപാട് കാലം ജീവിച്ചിരിക്കുകയും മരണം വരെ പണമുണ്ടാക്കുകയും ചെയ്യുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ആയുർരേഖ ചെറുതായവർക്ക് സാധാരണ ആയുസ്സ് കുറവാണ് എന്നാണ് സൂചിപ്പിക്കുക എന്നാൽ അങ്ങനെയുള്ളവർക്കും ഇങ്ങനെ ഒരു ധനരേഖ ഉണ്ടെങ്കിൽ അവർ ദീർഘായുസ്സ് ആയിരിക്കും എന്നാണ് അത് നൽകുന്ന സൂചന.

ലേഖകൻ

Dr. P. B. RajeshRama Nivas, Poovathum parambilNear ESI Dispensary, Eloor EastUdyogamandal P.O, Ernakulam 683501email : rajeshastro1963@gmail.comPhone : 9846033337

English Summary:
Money Line – Signs of Wealth and Money in Palmistry


Source link

Related Articles

Back to top button