ബന്ദികളായ സ്ത്രീകളെ ഹമാസ് അതിക്രൂര പീഡനത്തിനിരയാക്കി
ജറൂസലെം: ഹമാസ് ഭീകരർ വിട്ടയച്ച 110 ബന്ദികളിൽ പത്തു വൃദ്ധസ്ത്രീകൾ ലൈംഗികപീഡനത്തിനിരയായതായി വെളിപ്പെടുത്തൽ. ബന്ദികളെ പരിശോധിച്ച ഡോക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുരുഷന്മാരായ ബന്ദികളും കടുത്ത പീഡനത്തിനിരയായിട്ടുണ്ടെന്നും ഇവർക്ക് വിദഗ്ധ കൗൺസലിംഗ് നൽകിവരികയാണെന്നും ഡോക്ടർ വ്യക്തമാക്കി. ഹമാസ് വിട്ടയച്ച ഏതാനും ബന്ദികളും ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളും ചൊവ്വാഴ്ച ടെൽ അവീവിൽ ഇസ്രേലി യുദ്ധ കാബിനറ്റ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലും ഹമാസ് നടത്തിയ ലൈംഗിക ക്രൂരതകൾ വിവരിച്ചു. ബന്ദികളായ സ്ത്രീകളെ ഭീകരർ മാറിമാറി പീഡനത്തിനിരയാക്കിയെന്നും ശരീരം കുത്തിമുറിച്ച് രസിച്ചെന്നും വധിച്ച സ്ത്രീകളുടെ മൃതദേഹങ്ങളെ അതിനിന്ദ്യമായി അവഹേളിച്ചെന്നും മോചിതയായ ഒരു ബന്ദി ആരോപിച്ചു. പുരുഷന്മാരെയും ഭീകരർ ക്രൂരപീഡനത്തിനിരയാക്കി. ഭക്ഷണമായി ഒരു റൊട്ടിക്കഷണം മാത്രം നൽകിയും കുടിക്കാൻ വെള്ളം നൽകാതെയും അവർ ദ്രോഹിച്ചതായി അവർ കൂട്ടിച്ചേർത്തു. ഒക്ടോബർ എഴിന് ഇസ്രയേലിലേക്ക് അതിക്രമിച്ചു കടന്ന ഭീകരർ സ്ത്രീകളെയും പെൺകുട്ടികളെയും അതിക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയതായുള്ള തെളിവുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ബന്ദികളാക്കിയ കൂടുതൽ ഇസ്രേലി സ്ത്രീകളെ വിട്ടയയ്ക്കുന്നതിൽ ഹമാസ് വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് ഇസ്രയേൽ വെടിനിർത്തൽ തീരുമാനം പിൻവലിച്ചത്. ബന്ദികളായ സ്ത്രീകളെ വിട്ടയച്ചാൽ തങ്ങളുടെ തടവിൽ അവർ നേരിട്ട ക്രൂരതകൾ വെളിച്ചത്താകുമെന്ന ഭയമാണ് കൂടുതൽ സ്ത്രീകളെ മോചിപ്പിക്കേണ്ടെന്ന തീരുമാനമെടുക്കാൻ ഹമാസിനെ പ്രേരിപ്പിച്ചതെന്നാണു വിലയിരുത്തൽ. അതേസമയം, സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരേ ഹമാസ് നടത്തിയ ലൈംഗിക അതിക്രമങ്ങൾ ഭയാനകമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഈ ക്രൂരതയെ അപലപിക്കാൻ ലോകം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിനിടെ ഹമാസ് നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഇസ്രയേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Source link