വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ഗ്രൂപ്പ് എയിൽ ഒന്നാമനായ കേരളം രണ്ടാമത്
രാജ്കോട്ട്: 2023 സീസണ് വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ഗ്രൂപ്പ് എയിൽ കേരളവും മുംബൈയും 20 പോയിന്റുമായി തുല്യത പാലിച്ചു. നെറ്റ് റണ്‍റേറ്റിൽ കേരളത്തിനായിരുന്നു മുൻതൂക്കം. എന്നാൽ, വിജയ് ഹസാരെയിൽ നെറ്റ് റണ്‍റേറ്റിനു പകരം നേർക്കുനേർ പോരാട്ട ഫലമാണ് നോക്കുക എന്നതിനാൽ ഒന്നാമനായ കേരളം രണ്ടാമതും രണ്ടാമനായ മുംബൈ ഒന്നാമതുമായി. ലീഗ് റൗണ്ടിൽ മുംബൈ എട്ട് വിക്കറ്റിന് കേരളത്തെ തോൽപ്പിച്ചിരുന്നു. അതോടെ മുംബൈ നേരിട്ട് ക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ കേരളം പ്രീക്വാർട്ടറിലേക്ക് പതിച്ചു. ക്വാർട്ടറിൽ തമിഴ്നാടാണ് മുംബൈയുടെ എതിരാളികൾ. ഗ്രൂപ്പ് ഇ ചാന്പ്യന്മാരാണ് തമിഴ്നാട്.
പ്രീ ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളികൾ മഹാരാഷ്ട്രയാണ്. ഗ്രൂപ്പ് ബിയിൽ വിദർഭയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു മഹാരാഷ്ട്ര ഫിനിഷ് ചെയ്തത്. ബംഗാളും ഗുജറാത്തും തമ്മിലാണ് മറ്റൊരു പ്രീ ക്വാർട്ടർ പോരാട്ടം. ഗുജറാത്ത് ഗ്രൂപ്പ് ഡിയിലും ബംഗാൾ ഗ്രൂപ്പ് ഇയിലും രണ്ടാം സ്ഥാനത്തായിരുന്നു. പ്രീ ക്വാർട്ടർ പോരാട്ടങ്ങൾ ശനിയാഴ്ച അരങ്ങേറും. അടുത്ത തിങ്കളാഴ്ചയാണ് ക്വാർട്ടർ പോരാട്ടങ്ങൾ. 13, 14 തീയതികളിൽ സെമിയും 16ന് ഫൈനലും അരങ്ങേറും. രാജ്കോട്ടിലാണ് വിജയ് ഹസാരെ നോക്കൗട്ട് മത്സരങ്ങൾ നടക്കുക.
Source link