‘‘കൺകണ്ടത് നിജം, കാണാതത് പൊയ്; നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’’ മോഹൻലാലിന്റെ തീ പാറുന്ന ഡയലോഗുമായി, ആവേശം ഇരട്ടിയാക്കി മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ടീസർ റിലീസായി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പീരിയഡ് ഡ്രാമയായ ചിത്രം ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
മോഹൻലാലിനൊപ്പമുള്ള യൂഡ്‌ലി ഫിലിംസിന്റെ ആദ്യ പ്രോജക്ട് കൂടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’. “ലിജോ ജോസ് പെല്ലിശ്ശേരി ഒരു വലിയ കാൻവാസ് സൃഷ്ടിക്കുക മാത്രമല്ല, ഇതിഹാസമായ മോഹൻലാലിനൊപ്പം അദ്ഭുത ലോകമാണ് തീർത്തിരിക്കുന്നത്. മലയാള സിനിമയിലെ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണിത്, കാരണം അതിന്റെ പ്രമേയവും ഗാംഭീര്യവും വൈകാരിക അനുരണനവും നിഷേധിക്കാനാവാത്തവിധം സാർവത്രികമാണ്. അതുകൊണ്ടാണ് ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത്.’’– സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഫിലിംസ് ആൻഡ് ഇവന്റ്‌സിന്റെ സീനിയർ വൈസ് പ്രസിഡന്റ് സിദ്ധാർഥ് ആനന്ദ് കുമാർ പറയുന്നു.
നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ‘‘എന്നെ സംബന്ധിച്ചിടത്തോളം, ഒരു തീം അന്തിമമാക്കുന്ന പ്രക്രിയ അടുത്ത വലിയ ഹിറ്റ് സൃഷ്ടിക്കുന്നതിനുള്ള സമ്മർദത്തിൽ നിന്നല്ല, അതൊരു സ്വാഭാവിക പുരോഗതിയാണ്. മലൈക്കോട്ടൈ വാലിബൻ എന്ന അടിസ്ഥാന ആശയം കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നിൽ മുളച്ചുതുടങ്ങി, പിന്നീട് പരിണമിച്ചു. സമഗ്രമായ ഇതിവൃത്തം. റഫീഖിനെപ്പോലെയുള്ള ഒരു എഴുത്തുകാരൻ ആ ലോകം വികസിപ്പിച്ചെടുത്തു, പിന്നെ ലാലേട്ടൻ ആ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് ഞങ്ങൾക്ക് തോന്നി.’’ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
“മോഹൻലാലിനൊപ്പം ദീർഘകാല പരിചയം എന്ന നിലയിൽ, സിനിമയിലേക്ക് കടക്കാൻ തീരുമാനിച്ചപ്പോൾ, സ്വാഭാവികമായും അദ്ദേഹത്തെ നായക വേഷത്തിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. ലിജോയെ പോലൊരു പ്രതിഭാധനനായ സംവിധായകൻ മോഹൻലാലിനൊപ്പം കൈകോർക്കുമ്പോൾ ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു എന്റർടെയ്‌നർ തീർച്ചയായും പ്രതീക്ഷിക്കാം.’’– ഷിബു ബേബി ജോണ്‍ വ്യക്തമാക്കുന്നു.
ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലൈക്കോട്ടൈ വാലിബൻ 2024 ജനുവരി 25 ന് തിയറ്ററുകളിലെത്തും. പിആർഓ പ്രതീഷ് ശേഖർ.
English Summary:
Watch Malaikottai Vaaliban Teaser
Source link