ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഞായറാഴ്ച; ഐശ്വര്യ വർധനയ്ക്കായി ദീപാവലി വ്രതം
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദേവീ പ്രീതിക്ക് അത്യുത്തമമായ ദിനമാണ്. ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണു വിശ്വാസം. ഇക്കൊല്ലത്തെ ദീപാവലി നവംബർ 12 ഞായറാഴ്ചയാണ് വരുന്നത്. ദീപാവലി ആഘോഷങ്ങൾ ഏറ്റവും പ്രധാനമായി നടക്കുന്നത് ഉത്തരേന്ത്യയിലാണ്. ഈ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ലഭിക്കുന്ന ഐശ്വര്യവും ദേവീകടാക്ഷവും വർഷം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം.
വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?
ദീപാവലിയുടെ തലേന്ന് സൂര്യാസ്തമയം മുതൽ വ്രതം ആരംഭിക്കാം. ഒരിക്കലൂണ് അഭികാമ്യം. ലക്ഷ്മീപ്രീതികരമായ വ്രതാനുഷ്ഠാനമായതിനാൽ പൂർണ ഉപവാസം പാടില്ല. ലഘുഭക്ഷണം ആവാം. സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്ക് കൊളുത്തി ലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. മഹാലക്ഷ്മീ അഷ്ടകം കുറഞ്ഞത് മൂന്നു തവണ ജപിക്കുന്നത് സർവൈശ്വര്യത്തിന് ഉത്തമമാണ്. ലളിതാ സഹസ്രനാമം ജപിച്ച ശേഷം കനകധാരാസ്തോത്രം കൂടി ജപിക്കുന്നത് ദേവീ കടാക്ഷത്തിനും സാമ്പത്തിക ഉന്നമനത്തിനും കാരണമാകും. ദേവീ ക്ഷേത്രദർശനവും അന്നദാനവും ഉത്തമ ഫലം നൽകും.
ദീപാവലിയെ സംബന്ധിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്.
പാൽക്കടൽ കടഞ്ഞപ്പോൾ അതിൽനിന്നു മഹാലക്ഷ്മി ഉയർന്നു വന്ന ദിവസമാണു ദീപാവലി എന്നതാണ് അതിലൊന്ന്. അതുകൊണ്ട് ഈ ദിവസം ലക്ഷ്മീപൂജ പ്രധാനമാണ്.
14 വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണിതെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടു ശ്രീരാമക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്.
ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച് ആ അസുരന്റെ തടവിൽ കഴിഞ്ഞിരുന്നവരെ മോചിപ്പിച്ചു സംരക്ഷണം ഉറപ്പുകൊടുത്ത ദിവസമായ നരകചതുർദശിയും ദീപാവലിയും ഒരേ ദിവസം വരുന്നതിനാൽ ഈ ദിവസം ശ്രീകൃഷ്ണനെ ആരാധിക്കുന്നതും ‘ഓം നമോ നാരായണായ’ എന്ന മൂലമന്ത്രം ജപിക്കുന്നതും ഐശ്വര്യപ്രദമാണെന്നാണു വിശ്വാസം.
English Summary:
Astrological significance of Diwali
Source link