ബംഗളൂരു: എഫ്ഐവിബി (രാജ്യാന്തര വോളിബോൾ ഫെഡറേഷൻ) ലോക ക്ലബ് ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കം. ബംഗളൂരുവിലെ കോറമംഗല ഇൻഡോർ സ്റ്റേഡിയമാണ് ചാന്പ്യൻഷിപ്പിന്റെ വേദി. തുർക്കിയിൽനിന്നുള്ള ഹൽക്ബാങ്ക് സ്പോർ കുളൂബൂ x ജാപ്പനീസ് ക്ലബ് സണ്ടോറി സണ്ബേഡ്സ് പോരാട്ടത്തോടെയാണ് ചാന്പ്യൻഷിപ് തുടങ്ങുക. വൈകുന്നേരം അഞ്ചിനാണ് ഈ മത്സരം. ഇന്ത്യയെ പ്രതിനിധീകരിച്ച് 2023 പ്രൈം വോളിബോൾ ചാന്പ്യന്മാരായ അഹമ്മദാബാദ് ഡിഫെൻഡേഴ്സ് കളത്തിലുണ്ട്. രാത്രി 8.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഡിഫെൻഡേഴ്സ് ബ്രസീലിൽനിന്നുള്ള ഇതാംബേ മിനാസ് ക്ലബ്ബുമായി കൊന്പുകോർക്കും.
മൂന്ന് ടീം വീതമുള്ള രണ്ട് പൂളുകളിലായാണ് മത്സരങ്ങൾ. ലോക ക്ലബ് ചാന്പ്യൻഷിപ്പിന്റെ 19-ാം എഡിഷൻ ഫൈനൽ 10ന് നടക്കും. ചരിത്രത്തിൽ ആദ്യമായാണ് വോളിബോൾ ക്ലബ് ലോക ചാന്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകുന്നത്. ബ്രസീലിൽനിന്നുള്ള ഇതാംബേ മിനാസ് ക്ലബ്, ഇറ്റലിയിൽനിന്നുള്ള സർ സഫേറ്റി കൊനാഡ് പെറുഗിയ ടീമുകളാണ് പൂൾ എയിൽ അഹമ്മദാബാദ് ഡിഫെൻഡേഴ്സിന് ഒപ്പമുള്ളത്. തുർക്കിയിൽനിന്നുള്ള ഹൽക്ബാങ്ക് സ്പോർ കുളൂബൂ, ബ്രസീൽ ക്ലബ് സഡ ക്രുസീറൊ വോളി, ജാപ്പനീസ് ക്ലബ് സണ്ടോറി സണ്ബേഡ്സ് എന്നീ ടീമുകളാണ് പൂൾ ബിയിൽ.
Source link