ചന്ദ്രയാൻ 3: പ്രൊപ്പൽഷൻ മൊഡ്യൂൾ തിരികെ ഭൂമിയുടെ ഭ്രമണപഥത്തിൽ
ബെംഗളൂരു ∙ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്നു ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഇസ്റോ തിരിച്ചെത്തിച്ചു. ഭാവിയിൽ ചന്ദ്രനിൽനിന്നുള്ള പേടകങ്ങൾ ഭൂമിയിൽ തിരിച്ചെത്തിക്കാൻ ഉപകരിക്കുന്ന വിവരശേഖരണത്തിനുള്ള പരീക്ഷണദൗത്യം കൂടിയാണു വിജയം കണ്ടത്. ചന്ദ്രനിൽനിന്നു ഭൂമിയിലേക്കു മടങ്ങാനുള്ള പാത സംബന്ധിച്ചും ഇസ്റോയ്ക്കു കൂടുതൽ വ്യക്തത കൈവന്നു.
ഓഗസ്റ്റ് 23നു ചന്ദ്രനിലിറങ്ങിയ പ്രഗ്യാൻ റോവർ ഉൾപ്പെട്ട വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിന് അടുത്തുള്ള ഭ്രമണപഥം വരെയെത്തിച്ചതു പ്രൊപ്പൽഷൻ മൊഡ്യൂളാണ്. ലാൻഡർ വേർപെട്ടതിനുശേഷം പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ തുടർന്നു. ഇതിൽ ഉൾപ്പെടുത്തിയിരുന്ന സ്പെക്ട്രോ–പോളാരിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (ഷെയ്പ്) എന്ന ഉപകരണം (പേലോഡ്) ഭൂമിയെ നിരീക്ഷിച്ചു പഠനമാരംഭിച്ചു. ദൗത്യലക്ഷ്യം കൈവരിച്ചശേഷവും മൊഡ്യൂളിൽ 100 കിലോഗ്രാം ഇന്ധനം ബാക്കിയായതിനാലാണു ഭൂമിയുടെ ഭ്രമണപഥത്തിൽ തിരിച്ചെത്തിക്കാൻ തീരുമാനിച്ചത്.
ചന്ദ്രോപരിതലത്തിൽനിന്ന് 150 കിലോമീറ്റർ അകലെയായി ഭ്രമണം ചെയ്തിരുന്ന മൊഡ്യൂളിനെ 5112 കിലോമീറ്ററിലേക്ക് ഉയർത്താനുള്ള ആദ്യപരീക്ഷണം നടത്തിയത് ഒക്ടോബർ 9നായിരുന്നു. ഇതോടെ ഭ്രമണസമയം 2.1 മണിക്കൂറിൽനിന്ന് 7.2 മണിക്കൂറായി ഉയർന്നു. തുടർന്ന് ഒക്ടോബർ 13നു ഭൂമിയെ വലംവയ്ക്കുന്ന 1.8 ലക്ഷം കിലോമീറ്റർ x 3.8 ലക്ഷം കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനമാരംഭിച്ചു. നവംബർ 22നു മൊഡ്യൂളിനെ 1.5 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു.
English Summary:
ISRO moves Chandrayaan 3 propulsion module from lunar orbit to earth orbit
Source link